82ലും ​ഭാ​സ്​​ക​ര​ൻ ചേ​ട്ട​ൻ ക​ച്ച​വ​ട​ത്തി​ര​ക്കി​ലാ​ണ്​

ഹരിപ്പാട്: ക്ഷേത്രോത്സവ പറമ്പിൽനിന്ന് നേരെ പള്ളിപ്പെരുന്നാൾ സ്ഥലത്തേക്ക് ഭാസ്കരൻ ചേട്ടൻ 82ാം വയസ്സിലും സഞ്ചരിക്കുകയാണ്. മാലയും വളയും കളിപ്പാട്ടങ്ങളും അടക്കം സാധനങ്ങൾ സ്റ്റാൾ കെട്ടി കച്ചവടം നടത്തുന്ന ഇൗ കായംകുളം സ്വദേശിയെ പ്രായാധിക്യം തളർത്തുന്നില്ല. വൃശ്ചികം മുതൽ മേടം വരെയാണ് ഉത്സവ സീസൺ. കായംകുളം വേന്ദവള്ളി ഭാഗം പുത്തൻകണ്ടത്തിൽ എൻ. ഭാസ്കരൻ 11-ാം വയസ്സിൽ കച്ചവടരംഗത്ത് എത്തിയതാണ്. പിതാവ് നാരായണൻ മരിച്ചതോടെ കുടുംബത്തെ നോേക്കണ്ട ചുമതല ഈ ബാലനിൽ നിക്ഷിപ്തമായി. അഞ്ചാം ക്ലാസിൽ പഠിപ്പ് നിർത്തി. തുടക്കത്തിൽ കപ്പലണ്ടിക്കച്ചവടമായിരുന്നു. പിന്നീട് മുട്ടക്കച്ചവടമായി. ഒടുവിലാണ് വള-മാല-കളിപ്പാട്ടം കച്ചവടത്തിലേക്കെത്തിയത്. നൂറുകൂട്ടം സാധനങ്ങളുള്ള കച്ചവടം ഉത്സവപ്പറമ്പിൽ ചെയ്യാൻ ഇറങ്ങിയിട്ട് കാൽനൂറ്റാണ്ടായി. 25 മുതൽ 30 ശതമാനം വരെ ലാഭം കിട്ടും.ഏഴുപതിറ്റാണ്ട് കാലത്തെ അനുഭവം കൈമുതലായുള്ള ഇദ്ദേഹത്തിന് ഇതുവരെ കാര്യമായ നഷ്ട-മൊന്നും ഉണ്ടായിട്ടില്ല. ഉത്സവ-പെരുന്നാൾ സീസൺ ആകുമ്പോൾ അവിടെത്തി സ്റ്റാളും കെട്ടി മറ്റുള്ള വളക്കച്ചവടക്കാരോടൊപ്പം വ്യാപാരത്തിൽ ശ്രദ്ധിക്കും. ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചിത്തര ഉത്സവ സ്ഥലത്താണ് ഭാസ്കരേട്ടൻ ഇപ്പോഴുള്ളത്. കച്ചവടത്തിൽ സഹായിക്കാൻ സഹോദരൻ ദിവാകരനും രണ്ട് ശമ്പളക്കാരുമുണ്ട്. ചിലപ്പോൾ മക്കളുമെത്തും. കേരളത്തിലെ പല സ്ഥലങ്ങളിൽനിന്നും തമിഴ്നാട്ടിലെ മധുര പോലുള്ള സ്ഥലങ്ങളിൽനിന്നുമാണ് സാധനങ്ങൾ മൊത്തമായി വാങ്ങുന്നത്. പത്തനംതിട്ട, ഹരിപ്പാട്, പുല്ലുകുളങ്ങര, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവിടങ്ങളിലെ ഉത്സവം, പള്ളിപ്പെരുന്നാൾ എന്നിവയിൽ കച്ചവടത്തിന് പോവുക പതിവ്. നല്ലൊരു കർഷകൻ കൂടിയായ ഭാസ്കരന് ഭാര്യയും ആറ് മക്കളുമുണ്ട്. നാല് പെൺമക്കളിൽ രണ്ടുപേരെ വിവാഹം ചെയ്്ത് അയച്ചു. തളർച്ച ബാധിച്ച് കിടപ്പിലായ ഭാര്യ സുമതിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് പ്രായം വകവെക്കാതെ ഇന്നും കച്ചവടത്തിനിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.