ചെങ്ങന്നൂർ: തിരുവൻവണ്ടൂർ--മഴുക്കീർ റോഡ് യാത്ര ദുഷ്കരമായി. കെ.എസ്.ടി.പിയുടെ റോഡുനിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കുമുമ്പ് കല്ലിശ്ശേരി, അംബീരേത്ത്‌പടി, മാടവന , പള്ളത്തുപടി, തോണ്ടറപ്പടി, തിരുവൻവണ്ടൂർ ജങ്ഷൻ, കണ്ടത്തിൽപ്പടി എന്നിവിടങ്ങളിലൂടെ പ്രാവിൻകൂട് എന്ന സ്ഥലെത്തത്തുന്ന വിധത്തിലാണ് ഗതാഗതം ക്രമീകരിച്ചിരുന്നത്. ഇപ്പോൾ ഗതാഗതം പഴയപടി ക്രമീകരിച്ചെങ്കിലും നിരന്തരമായുള്ള പൈപ്പ് പൊട്ടലും റോഡ് തകരാൻ മറ്റൊരു കാരണമായി. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോൾ മാസത്തിൽ 15 പ്രാവശ്യമെങ്കിലും പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്. ജലവിഭവ വകുപ്പിൽ നിരന്തരം പരാതിപ്പെടാറുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും പറയുന്നു. 40 വർഷത്തോളമായ ആസ്ബസ്റ്റോസ്-സിമൻറ് പൈപ്പാണ് ഇപ്പോഴും ഉപയോഗത്തിലുള്ളത്. മഴുക്കീർ-തിരുവൻവണ്ടൂർ റോഡ് പുതുക്കിപ്പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് 5.6കോടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് അനുവദിച്ചിരുന്നു. ഇതിൽ രണ്ടുകോടി പഴയ എ.സി പൈപ്പ് മാറുന്നതിനുവേണ്ടിയുള്ളതാണ്. മഴുക്കീർ മുതൽ തിരുവൻവണ്ടൂർ ഗവ.ആയുർവേദ ആശുപത്രിപ്പടിവരെയാണ് പൈപ്പ് മാറേണ്ടത്. തെരഞ്ഞെടുപ്പുതിരക്ക് കഴിഞ്ഞ് ടെൻഡർ ക്ഷണിക്കുമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചിരുന്നു. പിന്നീട് പുതിയ ഭരണസംവിധാനം നിലവിൽ വന്നശേഷമാണ് ടെൻഡർ ക്ഷണിച്ചത്. മൂന്നുമാസം മുമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡൻറ് ജലജ രവീന്ദ്രെൻറ അധ്യക്ഷതയിൽ അഡ്വ.കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ സാന്നിധ്യത്തിൽ കൂടിയ അവലോകനയോഗത്തിലാണ് കാവുങ്കൽ കൺസ്ട്രക്ഷന് റോഡിെൻറ ടെൻഡറും പൈപ്പിെൻറ പണികൾക്ക് ജലവിഭവ വകുപ്പിെൻറ കരാറുകാരനെയും ഏൽപിച്ചത്. ആദ്യം ഉപ്പുകളത്തിൽപ്പാലം പൊളിച്ച് പണിയുകയും തുടർന്ന് ൈപപ്പ് മാറുകയും അതിനുശേഷം റോഡ് പണിയാനുമായിരുന്നു പദ്ധതി. അതിന് ഗതാഗതക്രമീകരണങ്ങളും നടത്തിയിരുന്നു ചെങ്ങന്നൂരിൽനിന്ന് തിരുവൻവണ്ടൂർ വഴി തിരുവല്ലക്ക് പോകുന്ന ബസ് നന്നാട്-തലയാർ കുറ്റൂർ വഴിയും തിരിച്ച് തിരുവൻവണ്ടൂർ -പള്ളത്തുപടി അംബിരേത്ത്-കല്ലിശേരി വഴി ചെങ്ങന്നൂരിലേക്കും റൂട്ടും ക്രമീകരിച്ചിരുന്നു. പക്ഷേ അധികൃതരുടെ ഭാഗത്തുനിന്നോ കരാറുകാരുടെ ഭാഗത്തുനിന്നോ നടപടി ഉണ്ടാകുന്നില്ല. അധികൃതർ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.