അമ്പലപ്പുഴ: വഴിയോര കച്ചവടക്കാരുടെ പ്രതിഷേധത്തിനിടെ വണ്ടാനം പള്ളിമുക്കിൽ കടകളും ഫ്ലക്സുകളും ബോർഡുകളും എടുത്തുമാറ്റൽ തുടങ്ങി. ചൊവ്വാഴ്ച രാവിലെ ദേശീയപാത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസിെൻറ സഹായത്തോടെയാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. ഇതിനെതിരെ കച്ചവടക്കാർ സംഘടിച്ചെത്തി എതിർത്തതോടെ പള്ളിമുക്കിൽ സംഘർഷം ഉടലെടുത്തു. മുൻകൂർ നോട്ടീസ് നൽകാതെയുള്ള ഒഴിപ്പിക്കൽ അംഗീകരിക്കുകയില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. എതിർപ്പ് വകവെക്കാതെ ഉദ്യോഗസ്ഥർ ഫ്ലക്സുകളും ബോർഡുകളും എടുത്തുമാറ്റുകയും 24 മണിക്കൂർ സ്വയം ഒഴിഞ്ഞുപോകാൻ സാവകാശവും നൽകി. തുടർന്ന് സി.ഐ.ടി.യു യൂനിയൻ നേതൃത്വത്തിൽ നൂറോളം ഫുട്പാത്ത് കച്ചവടക്കാർ ദേശീയപാത വിഭാഗം തോട്ടപ്പള്ളി ഡിവിഷ െൻറ കാക്കാഴത്തെ ഓവർബ്രിഡ്ജിന് താഴെയുള്ള ഓഫിസിലേക്ക് മാർച്ച് നടത്തി. സ്വന്തമായി കടകളോ വാടകക്കോ എടുക്കാൻ നിവർത്തിയില്ലാത്ത പാതയോര കച്ചവടക്കാർക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ഇവർ പറഞ്ഞു. ഒഴിപ്പിക്കൽ തുടർന്നാൽ ചെറുത്തുനിൽപ് ഉണ്ടാകുമെന്ന് സൂചന നൽകി. സി.ഐ.ടി.യു യൂനിയൻ പാതയോര കച്ചവട ജില്ല സെക്രട്ടറി സുനിൽകുമാർ, അമ്പലപ്പുഴ ഏരിയ പ്രസിഡൻറ് ഷുക്കൂർ, സെക്രട്ടറി വൈ. താജുദ്ദീൻ, എം. ഹസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.