ത​വ​ണ​ക്ക​ട​വ്-​–വൈ​ക്കം ഫെ​റി​യി​ൽ യാ​ത്ര​ക്ലേ​ശം രൂ​ക്ഷം

പൂച്ചാക്കൽ: തവണക്കടവ്--വൈക്കം ഫെറിയിൽ യാത്രക്ലേശം രൂക്ഷം. രണ്ട് ജങ്കാർ സർവിസ് നടത്തിയിരുന്ന ഇവിടെ നിലവിൽ ഒരു ജങ്കാറാണ് സർവിസിനുള്ളത്. രണ്ടാഴ്ചയിലേറെയായി യാത്രക്ലേശം രൂക്ഷമായിട്ട്. അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് കൊച്ചിയിലേക്ക് കൊണ്ടു പോയതാണ് ഒരുജങ്കാർ. മാക്കേകടവ്- നേരേകടവിൽ പാലം നിർമാണം തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന ജങ്കാർ സർവിസ് അവസാനിപ്പിച്ചു. ഇതോടെ തവണക്കടവ്-വൈക്കം റൂട്ടിൽ വാഹനങ്ങൾ വർധിച്ചു. ജങ്കാർ മറുകരക്ക് പോയി തിരികെയെത്താൻ ഒരുമണിക്കൂറിലേറെയെടുക്കും. വാഹനത്തിരക്ക് വർധിച്ചതിനാൽ മറുകരയെത്താൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. നിർമാണസാമഗ്രികൾ കയറ്റിയുള്ള ടിപ്പർ ലോറികളാണ് ജങ്കാർ വഴി മറുകര കടക്കുന്ന വാഹനങ്ങളിൽ അധികവും. കിഴക്കൻ നാട്ടിൽനിന്ന് കല്ല്, ചെമ്മണ്ണ്, മെറ്റൽ തുടങ്ങിയ നിർമാണസാമഗ്രികൾ എളുപ്പത്തിൽ എത്തിക്കാനുള്ള ഏക മാർഗമാണ് ജങ്കാർ. ഇത് ഒഴിച്ചാൽ പിന്നെ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞ് തണ്ണീർമുക്കം-ചേർത്തല വഴിയോ എറണാകുളത്തെ തൃപ്പൂണിത്തറ, കുണ്ടന്നൂർ വഴിയോ വേണം എത്താൻ. ഒറ്റ ജങ്കാർ ആയതിനെത്തുടർന്ന് തിരക്ക് വർധിച്ചതോടെ പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂക്കുറ്റി പഞ്ചായത്തുകളിലുള്ളവർക്കാണ് ബുദ്ധിമുട്ട്. മാക്കേകടവ് -നേരേകടവ് റൂട്ടിലെ ജങ്കാർ നിർത്തിയതിന് പകരമായി മണപ്പുറം-ചെമ്മനാകരി റൂട്ടിൽ ചങ്ങാട സർവിസ് തുടങ്ങാൻ പ്രാഥമികനടപടി ആരംഭിച്ചെങ്കിലും അത് അട്ടിമറിക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.