ആലപ്പുഴ: കലാകാരന്മാര്‍ക്ക് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവസരമൊരുക്കി ചില്ല ആര്‍ട്ട് കഫേ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. ആലപ്പുഴയുടെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താനും ദൃശ്യകലകളെ പ്രോത്സാഹിപ്പിക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ പദ്ധതിയുമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഒരുകാലത്ത് വിദേശികളടക്കമുള്ളവര്‍ സന്ദര്‍ശിച്ചിരുന്ന ബീച്ചിലെ പഴയ പിക്നിക് സ്പോട്ട് വരുമാനമില്ലാതെ ഉപേക്ഷിക്കപ്പെട്ട അവസരത്തിലാണ് കലാകാരന്മാരുടെ കൂട്ടായ്മ അതിനെ പുനരുജ്ജീവിപ്പിക്കാനായി മുന്നോട്ടുവന്നത്. കലാഭവന്‍ ഷാജോണിനെ മുഖ്യ കഥാപാത്രമാക്കി ‘പരീത് പണ്ടാരി’ എന്ന സിനിമ സംവിധാനം ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഗഫൂര്‍ ഇല്യാസും കലാകാരന്മാരും സിനിമാ പ്രവര്‍ത്തകരുമായ അന്‍വര്‍, സജീര്‍, കെ. അഷ്റഫ് എന്നിവരുമാണ് ‘ചില്ല’ എന്ന ആശയത്തിന് പിന്നില്‍. സ്വദേശിയരും വിദേശിയരുമായ ചിത്ര-ശില്‍പ കലാകാരന്മാരെ പങ്കെടുപ്പിച്ച് കലാസൃഷ്ടികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ആര്‍ട്ട് ഗാലറി ഇതിന്‍െറ പ്രത്യേകതയാണ്. മൂന്ന് തട്ടുകളിലായി 600 പേരെ ഉള്‍ക്കൊള്ളാവുന്ന തുറന്ന സ്റ്റേജാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. കേരളത്തിന്‍െറ തനതായ നാടന്‍ കലാരൂപങ്ങളും നാടകങ്ങളും സിനിമകളും ഇവിടെ അവതരിപ്പിക്കാന്‍ കഴിയും. ബൃഹത്തായ ലൈബ്രറിയും വിദേശികള്‍ക്ക് കേരളത്തിന്‍െറ തനത് പാചകരീതി പഠിപ്പിക്കുന്നതിന് പര്യാപ്തമായ ഓപണ്‍ കിച്ചനും മറ്റ് ആകര്‍ഷണങ്ങളാണ്. യാത്രികര്‍ക്ക് ഈ അടുക്കളയില്‍വന്ന് സ്വന്തം ഇഷ്ടപ്രകാരം പാചകം ചെയ്യാം. നിലവിലുള്ള മരങ്ങളൊന്നും മുറിച്ചുമാറ്റാതെ അവയെ പരിരക്ഷിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് ക്യൂറേറ്റര്‍ അജയന്‍ പറഞ്ഞു. ഇതോടൊപ്പം മരത്തില്‍ രണ്ട് ഹട്ടുകള്‍ നിര്‍മിക്കാനും എഴുത്തുപുരകള്‍ സ്ഥാപിക്കാനും ആവശ്യത്തിന് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും ചിരട്ടയും ചകിരിയും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും വില്‍പനക്കുമുള്ള സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തനസജ്ജമായി. 30 ലക്ഷം രൂപയാണ് ചില്ല ആര്‍ട്ട് കഫേ നിര്‍മാണത്തിനായി ചെലവായത്. ഒക്ടോബറോടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.