ബിയര്‍ പാര്‍ലര്‍ അനുമതി കായംകുളത്ത് സി.പി.എമ്മില്‍ ഗ്രൂപ്പിസം മൂര്‍ഛിച്ചു

കായംകുളം: നഗരത്തിലെ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കുന്നതിനെച്ചൊല്ലി സി.പി.എമ്മില്‍ ചേരിതിരിവ് രൂക്ഷം. പാര്‍ട്ടിയുമായി ആലോചിക്കാതെ നഗരസഭാ ചെയര്‍മാന്‍ ബാര്‍ അനുമതി പ്രഖ്യാപിച്ചത് ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവാക്കേറ്റത്തിനും കാരണമായി. ഹൈകോടതി ഉത്തരവിന്‍െറ മറവില്‍ കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് റെയില്‍വേ മേല്‍പാലത്തിന് സമീപമുള്ള ഹോട്ടലിനും അനുമതിനല്‍കാനുള്ള നീക്കം. കുറ്റിത്തെരുവ് വിഷയത്തില്‍ കോടതി ഉത്തരവിന് അനുകൂല സമീപനം സ്വീകരിക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്‍െറ മറപിടിച്ചാണ് നഗരത്തില്‍ ബിയര്‍ പാര്‍ലറുകളടെ എണ്ണം കൂട്ടാന്‍ ശ്രമം നടക്കുന്നത്. അനുമതിക്കുപിന്നില്‍ രണ്ടുതലത്തിലുള്ള അഴിമതിസാധ്യതയും ഉയരുകയാണ്. റിയല്‍ എസ്റ്റേറ്റ് ലോബിയെ കൂടാതെ ഹോട്ടലുടമയുമായും ചില സി.പി.എം നേതാക്കള്‍ ബന്ധം സ്ഥാപിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംശയത്തോടെയാണ് കാണുന്നത്. ഐ.ടി.ഐക്കും സ്റ്റേഡിയത്തിനുമായി ഹോട്ടലിന് സമീപം നാല് ഏക്കര്‍ സ്ഥലം നഗരസഭ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടപടി പൂര്‍ത്തീകരിച്ച് ഏറ്റെടുത്ത് നല്‍കാനായി 2.75 കോടി രൂപ കലക്ടര്‍ക്ക് കൈമാറിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കൈവശമുള്ള ഭൂമി സമ്മര്‍ദങ്ങളെ അതിജയിച്ചാണ് യു.ഡി.എഫ് നേതൃത്വത്തിലെ കഴിഞ്ഞ നഗരഭരണക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, എല്‍.ഡി.എഫ് നേതൃത്വത്തില്‍ നഗരഭരണം വന്നതോടെ ഏറ്റെടുപ്പ് അട്ടിമറിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ലോബിയും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഇതോടെയാണ് ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കാന്‍ നീക്കം തുടങ്ങിയത്. ഇങ്ങനെവന്നാല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.ഐക്ക് സ്ഥലം ഏറ്റെടുക്കുന്നത് തടയാന്‍ കഴിയുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഈ വിഷയങ്ങള്‍ സി.പി.എമ്മിലെ ഗ്രൂപ് സമവാക്യങ്ങളിലും മാറ്റം വരുത്തുകയാണ്. ഏരിയാ സെന്‍റര്‍ അംഗമായ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍െറ ബാര്‍ അനുകൂല നിലപാടിനുപിന്നില്‍ കായംകുളത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്‍െറ താല്‍പര്യമാണെന്നാണ് സംസാരം. ഇത്തരം കാര്യങ്ങളില്‍ പിന്തുണക്കാതിരുന്നതാണ് നിലവിലെ ഏരിയാ സെക്രട്ടറി ബാബുജാന്‍െറ സ്ഥാനം തെറിക്കാന്‍ കാരണമായതത്രേ. ഈ സാഹചര്യത്തില്‍ ബാര്‍ അനുമതി നല്‍കരുതെന്ന പക്ഷക്കാരനായ ഗാനകുമാറിനെ ഒപ്പം കൂട്ടാനുള്ള ശ്രമവും ഒൗദ്യോഗികപക്ഷം നടത്തുന്നു. അതേസമയം, അഴിമതി സാധ്യതകള്‍ തുറന്നുള്ള ബിയര്‍ പാര്‍ലര്‍ വിഷയം അഴിമതി വിരുദ്ധനായ മന്ത്രി ജി. സുധാകരന്‍െറ മുന്നിലത്തെിക്കാനും നീക്കം സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.