പുന്നപ്രയില്‍ കഞ്ചാവ് മാഫിയ ശക്തം

പുന്നപ്ര: പുന്നപ്ര പഞ്ചായത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത ഉപയോഗപ്പെടുത്തിയാണ് കച്ചവടവും ഉപയോഗവും കൂടുന്നത്. തീരപ്രദേശത്തും കിഴക്കുഭാഗത്തെ കാര്‍ഷിക മേഖലയോടുചേര്‍ന്ന ഉള്‍പ്രദേശങ്ങളിലും സംഘങ്ങള്‍ സൈ്വരവിഹാരം നടത്തുകയാണ്. കടപ്പുറങ്ങളില്‍ പുന്നപ്ര ചള്ളി, ഗലീലിയോ എന്നിവിടങ്ങളില്‍ കഞ്ചാവ് കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാകുമ്പോള്‍ ഭീഷണിപ്പെടുത്തി തളര്‍ത്താനാണ് മാഫിയ ശ്രമിക്കുന്നത്. പുന്നപ്ര, പറവൂര്‍, വാടക്കല്‍, കളര്‍കോട് പ്രദേശങ്ങളുടെ കിഴക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റക്കും കൂട്ടായും കഞ്ചാവ് വില്‍പന രഹസ്യമായി നടക്കുന്നുണ്ട്. നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ ഭാഗങ്ങളില്‍ അതിന് സമീപത്ത് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്നാണ് പറയുന്നത്. പറവൂര്‍ പത്തില്‍ പാലത്തിന് സമീപം കഴിഞ്ഞദിവസം 50 പൊതി കഞ്ചാവുമായി യുവാവ് എക്സൈസിന്‍െറ പിടിയിലായിരുന്നു. പുന്നപ്ര വാവക്കാട് പൊഴിക്ക് സമീപമുള്ള കുറ്റിക്കാട് ഇവരുടെ ഒളിത്താവളമാണ്. കഴിഞ്ഞദിവസം കഞ്ചാവ് വില്‍പനക്കാരുടെ ആക്രമണത്തില്‍ കെ.എസ്. ആന്‍ഡ്രൂസ് എന്നയാളിന് പരിക്കേറ്റിരുന്നു. റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹിയായ ആന്‍ഡ്രൂസിന്‍െറ നേതൃത്വത്തില്‍ ഒളിത്താവളങ്ങളായ കാടുകള്‍ വെട്ടിത്തെളിച്ചതിന്‍െറ പ്രതികാരമായിട്ടായിരുന്നു ആക്രമണമെന്ന് പറയുന്നു. പൊലീസിന്‍െറ ജാഗ്രത ഈ ഭാഗങ്ങളിലും സ്കൂള്‍ പരിസരത്തും ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.