ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര വികസനം: മാസ്റ്റര്‍പ്ളാന്‍ തയാറാക്കും –പ്രയാര്‍ ഗോപാലകൃഷ്ണന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്‍െറ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന്‍െറയും വിവിധ ഹൈന്ദവ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചോര്‍ന്നൊലിക്കുന്ന നാലമ്പലത്തിന്‍െറ മേല്‍ക്കൂര പുതുക്കിപ്പണിത് ചെമ്പോല പൊതിയാന്‍ മൂന്ന് കോടിയുടെ പദ്ധതി തയാറാക്കി. നിലവിലെ മേല്‍ക്കൂരക്ക് മുകളില്‍ തടിയില്‍ ചട്ടക്കൂടുണ്ടാക്കി മുകളില്‍ പലകപാകി ചെമ്പോലയില്‍ മേല്‍ക്കൂര നിര്‍മിക്കാനാണ് പദ്ധതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന്‍െറ നിര്‍മാണത്തിനായി എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും തുക രണ്ടരക്കോടി രൂപ ആയതിനാല്‍ നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂ. മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി കോടതിയുടെ അനുമതിയോടെ സമയബന്ധിതതമായി പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ജീര്‍ണാവസ്ഥയിലായ നാലമ്പലം ക്ഷേത്രോപദേശക സമിതി പുതുക്കിപ്പണിയുമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു. പടിഞ്ഞാറേ നടയില്‍ അലങ്കാരഗോപുര നിര്‍മാണം, ആറാട്ടുകടവിന്‍െറ നവീകരണം, ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി ഭജനമഠത്തിന് സമീപം പില്‍ഗ്രിം സെന്‍റര്‍ തുടങ്ങിയവയാണ് മാസ്റ്റര്‍ പ്ളാനിലെ മറ്റു നിര്‍ദേശങ്ങള്‍. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ, അയ്യപ്പസേവാസംഘം അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ഡി. വിജയകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജനറല്‍ മുരളീകൃഷ്ണന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. കേശവദാസ്, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.