അധികാരികള്‍ കണ്ണുതുറന്നില്ല; നാട്ടുകാര്‍ പാലം നിര്‍മിച്ചു

മാവേലിക്കര: മറ്റം മഹാദേവക്ഷേത്രം റോഡും വലിയപെരുമ്പുഴ മാന്നാര്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് നാട്ടുകാര്‍ ജനകീയ പാലം നിര്‍മിച്ചു. പാലം വന്നെങ്കിലും റോഡിലൂടെയുള്ള ഗതാഗതം ശരിയായി നടക്കണമെങ്കില്‍ അധികാരികളും സമീപവാസിയും കനിയേണ്ട അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റും തെങ്ങുമാണ് മാര്‍ഗതടസ്സം. പോസ്റ്റ് മാറ്റിസ്ഥാപിക്കാനും തെങ്ങ് മുറിച്ചുമാറ്റാനും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. അധികാരികള്‍ ഇടപെട്ട് എത്രയും വേഗം മാര്‍ഗതടസ്സം നീക്കി ജനകീയ പാലം നാട്ടുകാര്‍ക്ക് പൂര്‍ണമായും ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാല്‍നട മാത്രം സാധ്യമായിരുന്ന പാലമാണ് ഇവിടെ ഉണ്ടായിരുന്നത്. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് പാലം ഗുണകരമാകുന്നത്. ഈ കുടുംബങ്ങളിലുള്ളവര്‍ക്ക് അസുഖം വന്നാല്‍ കിലോമീറ്ററുകള്‍ കറങ്ങി സഞ്ചരിച്ച് വേണമായിരുന്നു ആശുപത്രികളിലത്തൊന്‍. പാലം യാഥാര്‍ഥ്യമായതോടെ വളരെ വേഗം മാവേലിക്കരക്ക് എത്താന്‍ കഴിയും. മാറിവന്ന സര്‍ക്കാറുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കി മടുത്ത് പാലം പണിയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. തടികൊണ്ട് നിര്‍മിച്ച പാലത്തിന് 85,000 രൂപയോളം ചെലവായി. നാട്ടുകാരുടെ രണ്ടാഴ്ചത്തെ ശ്രമഫലംകൊണ്ട് പൂര്‍ത്തിയായ പാലത്തിലൂടെ മിനിലോറി ഉള്‍പ്പെടെ വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. മാര്‍ഗതടസ്സമായി നില്‍ക്കുന്ന പോസ്റ്റും തെങ്ങും മാറ്റണമെന്ന് മാത്രം. മറ്റം വടക്ക്, ആഞ്ഞിലിപ്ര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.