ഡെന്‍റല്‍ കോളജിന്‍െറ ഒന്നാംവര്‍ഷ പ്രവേശം അവതാളത്തില്‍

അമ്പലപ്പുഴ: മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന ഡെന്‍റല്‍ കോളജിലെ ഒന്നാംവര്‍ഷ പ്രവേശ നടപടി അവതാളത്തിലായി. ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സിലിന്‍െറ അംഗീകാരം വൈകുന്നത് മൂലമാണ് അവതാളത്തിലായത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാതെയും കോളജിന്‍െറ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ഡെന്‍റല്‍ കൗണ്‍സില്‍ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. ഫലത്തില്‍ വിദ്യാര്‍ഥികളാണ് ദുരിതം അനുഭവിക്കുന്നത്. കോളജിന്‍െറ അംഗീകാരം സംബന്ധിച്ചും പ്രവേശനത്തിലെ സുതാര്യതയെ കുറിച്ചും ആശങ്ക ഉയര്‍ന്നപ്പോള്‍ യു.ഡി.എഫ് ഭരണകാലത്തും ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. മറ്റ് ഗവ. ഡെന്‍റല്‍ കോളജുകളില്‍ ഒന്നാംവര്‍ഷ പ്രവേശം ആരംഭിച്ചപ്പോള്‍ ആലപ്പുഴയില്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടില്ല. മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സൗകര്യങ്ങളും ഉപകരണങ്ങളും ഇല്ളെന്നും അത് പരിഹരിച്ചാല്‍ മാത്രമെ ഒന്നാം വര്‍ഷത്തേക്കുള്ള പ്രവേശത്തിന് അനുമതി നല്‍കു എന്നാണ് ഡെന്‍റല്‍ കൗണ്‍സിലിന്‍െറ നിലപാട്. കൗണ്‍സില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാംവര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഇത്തരം അസൗകര്യങ്ങള്‍ക്ക് നടുവിലൂടെയാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. അധ്യാപകരുടെയും ഓഫിസ് ജീവനക്കാരുടെയും കുറവുകള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഡെന്‍റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാര്‍ നടപടിഅവസാനഘട്ടത്തിലാണ്. പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണവും തുടങ്ങി. ഡല്‍ഹിയില്‍ ഡെന്‍റല്‍ കൗണ്‍സില്‍ നടത്തിയ രണ്ട് ഹിയറിങ്ങുകളിലും കോളജ് പ്രിന്‍സിപ്പലും മെഡിക്കല്‍ വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടറും പങ്കെടുത്തിരുന്നു. ഹിയറിങ് കമ്മിറ്റി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കാന്‍ തയാറല്ല. മെഡിക്കല്‍ കോളജില്‍ നാലുമാസം മുമ്പ് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സംസ്ഥാനത്തെ ഗവ. ഡെന്‍റല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കില്ളെന്ന് പറഞ്ഞിരുന്നു. കോളജിന്‍െറ സീറ്റുകളുടെ കാര്യത്തിലും മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ അതെല്ലാം ജലരേഖയായി മാറിയെന്ന പരാതിയാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.