അമ്പലപ്പുഴ: പക്ഷിപ്പനിമൂലം താറാവുകള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടി ഊര്‍ജിതപ്പെടുത്തി. കഴിഞ്ഞദിവസങ്ങളില്‍ ആയിരത്തില്‍പരം താറാവുകളെ ദ്രുതകര്‍മസേന കത്തിച്ചിരുന്നു. കൊല്ലനടി പാടത്തിന്‍െറ ചിറയില്‍ രണ്ട് ടീം ദ്രുതകര്‍മസേനയാണ് സംസ്കരിച്ചത്. മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ആലപ്പുഴയില്‍നിന്ന് എത്തിയതോടെ അവരുടെ എണ്ണം അഞ്ചായി. വിറക് കൂട്ടിയിട്ട് അതില്‍ പഞ്ചസാര വിതറി ചത്ത താറാവുകളെ ചാക്കിലാക്കി വിറകിന് മുകളില്‍വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്. അസുഖം ബാധിച്ച മുഴുവന്‍ താറാവുകളെയും കൊല്ലാന്‍ കഴിഞ്ഞദിവസം തകഴി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. അവശേഷിക്കുന്ന താറാവുകള്‍ക്ക് രോഗം ഉണ്ടോയെന്ന പരിശോധനയും നടന്നുവരുകയാണ്. വിശദ പരിശോധനക്കുശേഷം രോഗമില്ളെന്ന് കണ്ടാല്‍ അവയെ വളര്‍ത്താന്‍ വിടും. വെള്ളിയാഴ്ചയും സാമ്പിളുകള്‍ ശേഖരിച്ച് തിരുവല്ലയിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തില്‍ കൊണ്ടുപോയി.അതേസമയം, രണ്ട് താറാവുകര്‍ഷകര്‍ക്ക് വെള്ളിയാഴ്ച പനിബാധിച്ചു. താറാവിന്‍കൂട്ടങ്ങളുമായി ഇടപഴകുന്ന കര്‍ഷകര്‍ക്ക് പനി ഉണ്ടായത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തി. പനിബാധിച്ച കര്‍ഷകര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പ്രതിരോധമരുന്നുകളും നല്‍കിവരുന്നു. താറാവിന്‍കൂട്ടങ്ങളെ വീടിന്‍െറ മുറ്റത്ത് വളര്‍ത്തുകയും കാഷ്ഠം ധാരാളമായി വീഴുകയും ചെയ്യുന്ന സാഹചര്യം പക്ഷിപ്പനി ഉണ്ടായ പശ്ചാത്തലത്തില്‍ ഗൗരവമേറിയതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ബ്ളീച്ചിങ് പൗഡറുകള്‍ വീടുകളിലും താറാവിനെ പാര്‍പ്പിക്കുന്ന സ്ഥലത്തും പാടശേഖരത്തിന്‍െറ വരമ്പത്തും ചിറകളിലുമെല്ലാം വിതറി. തകഴി പഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷിബുവിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍, സാമൂഹികപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെല്ലാം പ്രാദേശികമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കേന്ദ്രസംഘത്തെ അയക്കണം –കൊടിക്കുന്നില്‍ ആലപ്പുഴ: ജില്ലയിലെ കുട്ടനാട്ടില്‍ വ്യാപിച്ച പക്ഷിപ്പനിയെ സംബന്ധിച്ച് വിശദപഠനം നടത്താന്‍ കേന്ദ്രസംഘത്തെ കുട്ടനാട്ടിലേക്ക് അയക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങിന് നല്‍കിയ നിവേദനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്‍െറ സഹായം ഉടനടി ഉണ്ടാകണമെന്നും കര്‍ഷകര്‍ക്ക് അടിയന്തരസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തണമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.