പുന്നപ്ര–വയലാര്‍ വാര്‍ഷിക വാരാചരണം ഇന്ന് സമാപിക്കും

ആലപ്പുഴ: ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ ഐതിഹാസിക സമരത്തിന്‍െറ സ്മരണ പുതുക്കാന്‍ ജനസഞ്ചയം വ്യാഴാഴ്ച വയലാറിലെ രക്തസാക്ഷിക്കുന്നില്‍ സംഗമിക്കും. ഒക്ടോബര്‍ 27നാണ് വയലാറില്‍ പട്ടാളം വെടിവെപ്പ് നടത്തിയത്. വ്യാഴാഴ്ച രാവിലെ 7.30ന് പുന്നപ്ര രക്തസാക്ഷികളും കമ്യൂണിസ്റ്റ് ആചാര്യന്മാരും അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും. സമരസേനാനി വി.എസ്. അച്യുതാനന്ദന്‍ കൊളുത്തുന്ന ദീപശിഖയുമായി അത്ലറ്റുകള്‍ വയലാറിലേക്ക് പ്രയാണം ആരംഭിക്കും. തുടര്‍ന്ന് ജനാര്‍ദനന്‍െറ ബലികുടീരത്തിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ദീപം പകര്‍ന്ന് ദേശീയപാതയിലൂടെ രാവിലെ 11ഓടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തും. മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ സമരസേനാനി കെ.വി. തങ്കപ്പന്‍ ദീപം പകര്‍ന്ന് അത്ലറ്റുകള്‍ക്ക് കൈമാറും. ഇരു ദീപശിഖകളും വാരാചരണ കമ്മിറ്റി പ്രസിഡന്‍റും മന്ത്രിയുമായ പി. തിലോത്തമന്‍ എം.എല്‍.എ ഏറ്റുവാങ്ങും. രണ്ടിന് വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം ആരംഭിക്കും. വൈകീട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.