അപകടം പതിയിരിക്കുന്ന കായലോര റോഡുകള്‍

കായംകുളം: അപകടം മണക്കുന്ന കായലോരത്തെ റോഡുകളിലൂടെ യാത്ര ചെയ്യുകയാണ് പ്രദേശവാസികള്‍. സൈക്ക്ള്‍ യാത്രികനായ വിദ്യാര്‍ഥി കായലില്‍ വീണ് മരിച്ചതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. കീരിക്കാട് തെക്ക് തോട്ടുമുഖപ്പില്‍ അനീസിന്‍െറ മകന്‍ മുഹമ്മദ് അമീനാണ് (എട്ട്) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മദ്റസയില്‍നിന്നും വീട്ടിലേക്ക് വരവെ വനിത പോളിടെക്നിക്കിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. കായല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം തെറ്റിയ സൈക്ക്ള്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കരിപ്പുഴ കായലിനോട് ചേര്‍ന്ന തോടും റോഡും ഒരേപൊക്കത്തിലാണ്. മഴക്കാലത്ത് റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളക്കെട്ടാകും. കായലിന്‍െറ വശങ്ങളില്‍ കെട്ടിയ ഭിത്തിയും റോഡ് നിരപ്പില്‍നിന്നും താഴെയാണ്. റോഡും തോടും വേര്‍തിരിക്കുന്ന തരത്തില്‍ ഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരിപ്പുഴ തോട്ടില്‍നിന്നും മാലിന്യം നീക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിരുന്നു. കായലില്‍നിന്നും വാരി കരയില്‍ വെച്ച ചളി മഴയില്‍ കായലിലേക്ക് തന്നെ ഒഴുകി. മാംസാവശിഷ്ടങ്ങളടക്കമുള്ളവ കായലില്‍ തള്ളുന്നത് തടയണമെന്നും കായലോരത്തെ റോഡുകളിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.