പുന്നപ്ര-വയലാര്‍ സമരാചരണം: പുന്നപ്ര സമരഭൂമിയില്‍ രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ആയിരങ്ങള്‍

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ ഭാഗമായി പുന്നപ്രയില്‍ നടന്ന പ്രക്ഷോഭത്തിന്‍െറയും വെടിവെപ്പിന്‍െറയും സ്മരണ പുതുക്കി ആയിരങ്ങള്‍ രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചു. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകരായിരുന്നു കൂടുതല്‍. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ കളര്‍കോട് ജങ്ഷനിലും അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തില്‍നിന്നുള്ളവര്‍ വളഞ്ഞവഴി ജങ്ഷനും കേന്ദ്രീകരിച്ചാണ് റാലിയായി പുന്നപ്ര കപ്പക്കടക്ക് സമീപം സംഗമിച്ചത്. പിന്നീട് പുന്നപ്ര വെടിവെപ്പില്‍ മരിച്ചവര്‍ക്ക് സ്ഥാപിച്ച സമരഭൂമിയിലേക്ക് നീങ്ങി. സമരസേനാനികൂടിയായ വി.എസ്. അച്യുതാനന്ദന്‍ പ്രണാമം അര്‍പ്പിച്ച് പുഷ്പചക്രം വെച്ചു. ഇരുപാര്‍ട്ടികളുടെയും ജില്ലാ സെക്രട്ടറിമാരായ സജി ചെറിയാന്‍, ടി.ജെ. ആഞ്ചലോസ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, മുന്‍ എം.എല്‍.എ സി.കെ. സദാശിവന്‍, മുന്‍ എം.പി സി.എസ്. സുജാത, ടി. പുരുഷോത്തമന്‍, ജി. കൃഷ്ണപ്രസാദ്, എച്ച്. സലാം, വി. ലക്ഷ്മണന്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി. ഉച്ചക്കുശേഷം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ദീപശിഖ റിലേയും നടന്നു. വൈകുന്നേരം ആറിന് വാരാചരണ കമ്മിറ്റി പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കള്‍ സംസാരിച്ചു. സമ്മേളനത്തില്‍ എ. രാഘവന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.