കുട്ടനാട്ടില്‍ നിലം നികത്തല്‍ കര്‍ശനമായി തടയും –കൃഷിമന്ത്രി

ആലപ്പുഴ: കുട്ടനാട്ടിലെ നിലംനികത്തല്‍ കര്‍ശനമായി തടയുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതുസംബന്ധിച്ച് ജനങ്ങള്‍ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലംനികത്തല്‍ ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായി നടപടിയെടുക്കും. ഇനിയും കുട്ടനാട്ടില്‍ നിലംനികത്തല്‍ ഉണ്ടായാല്‍ അത് കൃഷിയെ മാത്രമല്ല, കുടിവെള്ളത്തെയും ബാധിക്കും. ഏതൊക്കെ ഭാഗങ്ങളില്‍ നിലംനികത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടത്തെി നടപടിയെടുക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കലക്ടറുമായി നിലംനികത്തല്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി അറിയിച്ചു. നിലംനികത്തല്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. മുഞ്ഞബാധിത മേഖലകളില്‍ സന്ദര്‍ശിച്ച കൃഷിമന്ത്രിയോട് കര്‍ഷകര്‍ ഒട്ടേറെ പരാതികളാണ് പറഞ്ഞത്. മുഞ്ഞമൂലം നശിച്ചതും നശിക്കാത്തതുമായ കതിരുകള്‍ എങ്ങനെ കൊയ്തെടുക്കുമെന്ന ആശങ്ക അവര്‍ മന്ത്രിയുടെ മുന്നില്‍ ഉന്നയിച്ചു. അടുത്തകാലത്തൊന്നും ഇത്രമാത്രം മുഞ്ഞബാധ കുട്ടനാട്ടില്‍ ഉണ്ടായിട്ടില. ശക്തമായ വെയിലും അതോടൊപ്പം രാത്രികാലത്തെ തണുപ്പും മുഞ്ഞരോഗത്തിന് സഹായകമായെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ രണ്ടാംകൃഷിയില്‍ നല്ല വിളവെടുപ്പ് സ്വപ്നംകണ്ട അവര്‍ക്ക് രോഗബാധ തിരിച്ചടിയായി. ഇക്കാര്യത്തില്‍ ഗൗരവമായ സമീപനം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഡയറക്ടറും ജനപ്രതിനിധികളും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.