സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹൈടെക് വിദ്യാഭ്യാസം കൊണ്ടുവരും –മന്ത്രി സി. രവീന്ദ്രനാഥ്

മാവേലിക്കര: കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലും കോളജുകളിലും ഹൈടെക് വിദ്യാഭ്യാസം കൊണ്ടുവരുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല ഗവ. സ്കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘത്തിന്‍െറയും മെറ്റ്കോസ് ജീവകാരുണ്യ സാംസ്കാരിക സമിതിയുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സഹിതം സഹായ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ സാംസ്കാരിക നിലവാരത്തിലേക്കുയര്‍ത്തിയത് അനന്യമായ മതനിരപേക്ഷ സംസ്കാരവും സാര്‍വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസവുമാണ്. പൊതുവിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവും ആകുന്നതോടൊപ്പം ആധുനികവുമാകണം. പൊതുവിദ്യാഭ്യാസം തകര്‍ന്നാല്‍ പാവപ്പെട്ടവന്‍െറ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടും. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണ്. സ്കൂളുകള്‍ക്കൊപ്പം മുഴുവന്‍ സര്‍ക്കാര്‍ കോളജുകളും ഹൈടെക്കാക്കുമെന്നും കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രീതികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.ജി. പ്രസന്നന്‍ പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സഹായവിതരണം കൊടിക്കുന്നില്‍ സുരേഷ് എം.പിയും ചികിത്സാ ധനസഹായവിതരണം ആര്‍. രാജേഷ് എം.എല്‍.എയും ബാലകിരണ്‍ സ്കൂള്‍ നിക്ഷേപ പദ്ധതി നാഗരസഭാ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷും നിര്‍വഹിച്ചു. ജയശ്രീ അജയകുമാര്‍, എസ്. രാജേഷ്, ടി. തിലകരാജ്, എം. സലാഹുദ്ദീന്‍, കെ. ഗംഗാധരപണിക്കര്‍, എസ്. രവിശങ്കര്‍, ജ്യോതി മധു, ജെ. പങ്കജാക്ഷി, റെജി സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ഹരിദാസ് പല്ലാരിമംഗലം സ്വാഗതവും എന്‍. ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.