ഹൗസ് ബോട്ട് മേഖല : പെണ്‍വാണിഭസംഘങ്ങളും മയക്കുമരുന്ന് മാഫിയയും പിടിമുറുക്കുന്നു

ആലപ്പുഴ: ജില്ലയിലെ ഹൗസ് ബോട്ട് ടൂറിസം മേഖലയുടെ പെരുമക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി മയക്കുമരുന്ന് മാഫിയയും പെണ്‍വാണിഭസംഘവും വിലസുന്നു. പരിശോധന കാര്യമായി നടക്കാത്തതാണ് കാരണമെന്നാണ് ആക്ഷേപം. ടൂറിസം മേഖലയില്‍ നൂറിലേറെ ഹോം സ്റ്റേകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അരൂര്‍ മുതല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലവരെയാണ് ജില്ലയിലെ കായല്‍ വിനോദസഞ്ചാര മേഖല. അറുനൂറിനുമേല്‍ ഹൗസ് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഈ രംഗത്തെ പല പ്രമുഖ സ്ഥാപനങ്ങളും തങ്ങളുടെ ഹൗസ് ബോട്ടിലേക്ക് ലഹരിവസ്തുക്കളും സ്ത്രീകളെയും എത്തിക്കാന്‍ ഏജന്‍റുമാരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അമ്പതുവയസ്സിന് മുകളിലുള്ള സ്ത്രീകളാണ്. ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നൊക്കെ ഇവര്‍ സ്ത്രീകളെ എത്തിച്ചുനല്‍കുന്നു. രാത്രി ഹൗസ് ബോട്ടുകളില്‍ ഡി.ജെ പാര്‍ട്ടിയും പതിവായിട്ടുണ്ട്. എറണാകുളത്ത് പൊലീസ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിലേക്ക് ഇക്കൂട്ടര്‍ ചുവടുമാറ്റിയത്. പൊലീസിന്‍െറ പരിശോധന ഇല്ലാത്തത് ഇവരുടെ സൈ്വരവിഹാരത്തിന് അവസരമൊരുക്കുന്നത്. പൊലീസിന്‍െറ നീക്കം ഉണ്ടായാല്‍ അത് യഥാസമയം ചോര്‍ത്തിനല്‍കി ഹൗസ് ബോട്ടുകളെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍തന്നെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തണലൊരുക്കുന്നത്. ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് പല സ്ഥാപനങ്ങളും സഞ്ചാരിളെ ആകര്‍ഷിക്കുന്നത്. പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി എ. അക്ബറിന്‍െറ നേതൃത്വത്തില്‍ ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. അറുപതോളം ഹൗസ് ബോട്ടാണ് പൊലീസ് പരിശോധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.