കൃഷിനാശം: കര്‍ഷകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

ആലപ്പുഴ: രണ്ടാം കൃഷിയിറക്കിയ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വരിനെല്ല്, കവട, മുഞ്ഞ ബാധമൂലം കൃഷി നശിച്ച കര്‍ഷകര്‍ കുട്ടനാട് വികസനസമിതി നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് വരിനെല്ലിന്‍ കറ്റകളുമേന്തിയാണ് മാര്‍ച്ച് നടത്തിയത്. കലക്ടറേറ്റിന് മുന്നില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. കൃഷി നശിച്ച കുട്ടനാടന്‍ പാടശേഖരങ്ങള്‍ മുഖ്യമന്ത്രി ഉടന്‍ സന്ദര്‍ശിക്കണമെന്നും കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംകൃഷി നശിച്ചതിലൂടെ ഓരോ കര്‍ഷകനു 50,000 രൂപയോളമാണ് നഷ്ടമുണ്ടായിരിക്കുന്നത്. ഇതിന് തുല്യമായ നഷ്ടപരിഹാരം ലഭ്യമാക്കണം. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയെ അടിയന്തരമായി ഉള്‍പ്പെടുത്തണം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ളെങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. ഒൗസേപ്പച്ചന്‍ ചെറുകാട്, ജയിംസ് കല്ലുപാത്ര, നൈനാന്‍ തോമസ് മുളപ്പാമഠം, ജിജി പേരകശേരി, ജോസി പുതുമന, വര്‍ഗീസ് മാത്യു നെല്ലിക്കല്‍, വിനോദ് പയ്യംപള്ളി, സണ്ണിച്ചന്‍ കാക്കാട്ടുപറമ്പില്‍, വി.കെ. വിനോദ് കൈനകരി, കെ.വി. വാസു, തോമസുകുട്ടി തൈത്തോട്ടം, പൗലോസ് നെല്ലിക്കാപ്പള്ളി, കൃഷ്ണന്‍കുട്ടി കൈനകരി എന്നിവര്‍ സംസാരിച്ചു. വിവിധ പാടശേഖരസമിതി ഭാരവാഹികള്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.