രാത്രി ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്‍െറ ചുക്കുകാപ്പി

ചെങ്ങന്നൂര്‍: എം.സി റോഡില്‍ രാത്രി വാഹനം ഓടിച്ചുപോകുന്നവര്‍ക്ക് ഉറക്കം അകറ്റാന്‍ ഇനിമുതല്‍ പൊലീസിന്‍െറ വക ചുക്കുകാപ്പി. ദീര്‍ഘദൂരം വാഹനം ഓടിച്ചുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയാണ് ചെങ്ങന്നൂര്‍ പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഡ്രൈവിങ്ങിനിടെ ഉറക്കംവരാന്‍ ഏറെ സാധ്യതയുള്ള രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പൊലീസിന്‍െറ സേവനം ലഭ്യമാകുന്നത്. മുളക്കുഴ കാണിക്കമണ്ഡപം പെട്രോള്‍പമ്പിനുസമീപം പൊലീസ് ഇതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതുമൂലം രാത്രി അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണിത്. ചുക്കുകാപ്പി കുടിച്ച് അല്‍പം വിശ്രമിച്ചശേഷം യാത്ര തുടരാം. വിശ്രമിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അമിതവേഗം തടയാന്‍ രാത്രിയുള്ള വാഹനപരിശോധനയും കര്‍ശനമാക്കി. പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍പിള്ള നിര്‍വഹിച്ചു. സി.ഐ ടി. മനോജ്, എസ്.ഐ എം. സുധിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ മാസം 19 വാഹനാപകടങ്ങളാണ് ചെങ്ങന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ എം.സി റോഡില്‍ നടന്നത്. ഇതില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. അപകടങ്ങള്‍ കൂടുതലും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതുമൂലം സംഭവിച്ചവയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.