കുറ്റിത്തെരുവിലെ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുമതി: സെക്രട്ടറിയുടെ നടപടി വിവാദമാകുന്നു

കായംകുളം: ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കിയത് റദ്ദുചെയ്യുന്നതിന് നഗരസഭാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി നല്‍കിയ കത്ത് അംഗീകരിക്കാതിരുന്ന സെക്രട്ടറിയുടെ നടപടി വിവാദമാകുന്നു. കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് കോടതി ഉത്തരവിന്‍െറ മറവിലാണ് ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കിയത്. യു.ഡി.എഫ് അംഗങ്ങളായ നവാസ് മുണ്ടകത്തിലും കരുവില്‍ നിസാറുമാണ് അനുമതി തേടിയത്. കഴിഞ്ഞ ഒന്നിന് നോട്ടീസ് നല്‍കിയെങ്കിലും വ്യാഴാഴ്ച നടക്കുന്ന ജനറല്‍ കൗണ്‍സില്‍ വിഷയം അജണ്ടയാക്കാതെ മാറ്റിയതാണ് ചര്‍ച്ചക്ക് കാരണമാകുന്നത്. ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പാര്‍ലറിന് അനുമതി തേടിയതെന്നും ഇത് റദ്ദുചെയ്യാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നുമാണ് യു.ഡി.എഫിന്‍െറ വാദം. പ്രമേയം അവതരിപ്പിച്ചാല്‍ ഭരണപക്ഷത്തെ ഭിന്നത മറനീക്കുകയും അനുമതി റദ്ദുചെയ്യാനും കഴിയുമെന്നതാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്‍.സി.പി, ജനതാദള്‍ -എസ്, ഐ.എന്‍.എല്‍ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാരും സി.പി.ഐയിലെ ബാര്‍ വിരുദ്ധരും ഭരണത്തെ പിന്തുണക്കുന്ന സ്വതന്ത്രരുമാണ് ബിയര്‍ പാര്‍ലറിന് എതിരെ പരസ്യനിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ നിലപാട് കൗണ്‍സിലില്‍ വ്യക്തമാക്കുന്നത് ഭരണപക്ഷത്തിന് തിരിച്ചടിയാകും. 44 അംഗ കൗണ്‍സിലില്‍ 21അംഗങ്ങളുടെ പിന്തുണയാണ് ഭരണത്തിനുള്ളത്. ഇതില്‍ ആറുപേരാണ് പാര്‍ലറിനെതിരെ പരസ്യനിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനിടെ നിയമപരമായ അപേക്ഷ ലഭിച്ചാല്‍ ഇനിയും ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുമെന്ന നിലപാടാണ് സി.പി.എമ്മുകാരനായ ചെയര്‍മാനുള്ളത്. മതസംഘടനാ ഭാരവാഹികളെന്ന നിലയിലും സമുദായ പാര്‍ട്ടികളെന്ന നിലയിലും മദ്യത്തിനെതിരെ നിലപാടുള്ള ഭരണപക്ഷ കൗണ്‍സിലര്‍മാരാണ് ഇതിലൂടെ വെട്ടിലായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.