അമ്പലപ്പുഴ ക്ഷേത്രനടപ്പന്തലിലെ ബാരിക്കേഡിനെതിരെ പ്രതിഷേധം

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍െറ പടിഞ്ഞാറെ നടയിലെ നടപ്പന്തലിലേക്കുള്ള വാഹനഗതാഗതം സ്റ്റീല്‍ ബാരിക്കേഡുകൊണ്ട് തടഞ്ഞതിനെതിരെ വ്യാപാരികള്‍ രംഗത്ത്. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. നടപ്പന്തലിനുള്ളിലെ കടകളും മറ്റ് വസ്തുക്കളും സര്‍ക്കാര്‍ പുറമ്പോക്കിലാണ് നില്‍ക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുലാല്‍ പറഞ്ഞു. നേരത്തേ നടപ്പന്തലിന്‍െറ മുന്നില്‍ പടി മാത്രമെ കെട്ടിയിരുന്നുള്ളൂ. ഇപ്പോള്‍ സ്റ്റീല്‍ ബാരിക്കേഡുകൊണ്ട് ഗതാഗതം പൂര്‍ണമായും തടഞ്ഞു. കാല്‍നടക്കാര്‍ക്ക് പോലും പന്തലില്‍ കടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. നടപ്പന്തലിനുള്ളിലെ മുഴുവന്‍ കടകളും ക്ഷേത്രത്തിലേക്കുള്ള വഴിയും പാട്ടവസ്തുക്കളും അമ്പലപ്പുഴ വില്ളേജില്‍ റീസര്‍വേ ബ്ളോക് 15ല്‍ 577ല്‍പെട്ട 32.65 ആര്‍സ് ബി.ടി.ആര്‍ പ്രകാരം സര്‍ക്കാര്‍ റോഡുപുറമ്പോക്ക് വസ്തുവില്‍ ഉള്‍പ്പെട്ടവയാണെന്ന് തഹസില്‍ദാറും വില്ളേജ് ഓഫിസറും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായും പാരമ്പര്യമായും കച്ചവടം ചെയ്യുന്നവരെ ക്ഷേത്രപരിസരത്തിന്‍െറ പേരില്‍ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ദേവസ്വം ഭൂമിയാണെന്ന് അവകാശപ്പെടുന്നവര്‍ അതിന് തെളിവും രേഖകളും കൊണ്ടുവന്നാല്‍ ചര്‍ച്ചക്ക് തയാറാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അവിടെ കച്ചവടം നടത്തുന്നവരുടെ ഉപജീവനം മുട്ടിക്കുന്ന രീതി ശരിയല്ല. ദേവസ്വം ഭൂമി കൈയേറാന്‍ ആരും ശ്രമിച്ചിട്ടില്ല. സ്റ്റെപ്പ് കെട്ടുന്നതിന് വ്യാപാരികള്‍ക്ക് പരാതിയില്ല. ഗേറ്റ് സ്ഥാപിക്കുന്നതിനാണ് പരാതി. ഇതിനെതിരെ മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് അനധികൃതമായി നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റണം. വഴിയടച്ചതിനെതിരെ സ്വകാര്യവ്യക്തികളും പരാതി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസ്സമുണ്ടായാല്‍ പഞ്ചായത്ത് ഇടപെടും. ക്ഷേത്രത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളാണ് ഇതിനുപിന്നില്‍. അവരെ പലപ്രാവശ്യം ചര്‍ച്ചക്ക് വിളിച്ചതാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.