തോട്ടപ്പള്ളി കരിമണല്‍ കടത്ത്: പ്രതിഷേധം ശക്തമാകുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തിന്‍െറ ആഴം കൂട്ടുമ്പോള്‍ പുറന്തള്ളുന്ന മണല്‍ കടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. ഖനനം നിര്‍ത്തിവെക്കണമെന്ന് പുറക്കാട് പഞ്ചായത്ത് ആവശ്യപ്പെട്ടു. ചവറയിലെ ഐ.ആര്‍.ഇ അനധികൃതമായി മണലെടുപ്പ് നടത്തുകയാണെന്ന് ധീവരസഭയും കോണ്‍ഗ്രസ് നേതൃത്വവും കുറ്റപ്പെടുത്തി. നാലുവര്‍ഷമായി അടഞ്ഞുകിടക്കുന്ന തുറമുഖം പ്രവര്‍ത്തനയോഗ്യമാക്കാനാണ് ഹാര്‍ബറില്‍ അടിഞ്ഞ മണല്‍ മാറ്റാന്‍ കരാറുകാരനെ ചുമതലപ്പെടുത്തിയത്. ഇങ്ങനെ മാറ്റുന്ന കരിമണല്‍ കലര്‍ന്ന മണല്‍ അഞ്ചുകോടിക്ക് സര്‍ക്കാറില്‍നിന്ന് വാങ്ങാന്‍ ഐ.ആര്‍.ഇ കരാറില്‍ ഒപ്പിട്ടിരുന്നു. മൂന്നുമാസമായി മണല്‍ ഖനനം നടന്നില്ല. എന്നാല്‍, കഴിഞ്ഞയാഴ്ച ഖനനം നടത്താന്‍ ഐ.ആര്‍.ഇ എത്തിയപ്പോള്‍ ധീവരസഭയും നാട്ടുകാരും തടഞ്ഞു. ഈ മണല്‍ വേര്‍തിരിച്ച് വിലപിടിപ്പുള്ള ധാതുക്കള്‍ ശേഖരിക്കാനാണ് ഐ.ആര്‍.ഇ കൊണ്ടുപോകുന്നത്. എന്നാല്‍, തുറമുഖത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങിയശേഷമെ മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കൂവെന്നാണ് കോണ്‍ഗ്രസിന്‍െറയും ധീവരസഭയുടെയും നിലപാട്. തുറമുഖത്തിന്‍െറ ആഴം കൂട്ടല്‍ എന്ന വ്യാജേന അതിന്‍െറ പരിധി കഴിഞ്ഞിട്ടും മണല്‍ മാറ്റുകയാണ്. മണല്‍ എടുക്കുന്നതല്ലാതെ തുറമുഖത്തിന്‍െറ വികസനം കാണുന്നുമില്ല. ബോട്ടുകള്‍ ഇവിടേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമുണ്ട്. കരാര്‍ പ്രകാരമുള്ള മണലിനെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ എടുക്കുന്നത്. കടലാക്രമണം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഐ.ആര്‍.ഇയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയും രംഗത്തത്തെി. യന്ത്രങ്ങള്‍ ഉടന്‍ മാറ്റണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണല്‍ ഖനനത്തിനെതിരെ സമരത്തിന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും തീരുമാനിച്ചു. അതേസമയം, ഐ.ആര്‍.ഇയുടെ കീഴില്‍ നടത്തുന്ന കരിമണല്‍ ഖനനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കമ്പനിയുടെ കരാറുകാരന്‍ കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണത്തിന് അനുകൂല ഉത്തരവ് വാങ്ങി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈ.എസ്.പി പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ച വിജയിച്ചില്ല. കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മണല്‍ കൊണ്ടുപോകുന്നത് തടയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ഇതോടെ സംഘര്‍ഷ സാധ്യതക്ക് കളമൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.