ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം, സമാധാനപരം

ആലപ്പുഴ: നോട്ട് പിന്‍വലിച്ചതിലും സഹകരണ മേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചില്ല. മെഡിക്കല്‍ ഷോപ്പുകളും തട്ടുകടകളും കൂടാതെ ബാങ്കുകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. ബാങ്കുകളില്‍ കാര്യമായ തിരക്കുണ്ടായില്ല. ചില സ്ഥലങ്ങളില്‍ അപൂര്‍വമായി ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനും ശ്രമിച്ചത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയാസം ഉണ്ടാകാതിരിക്കാന്‍ ചെങ്ങന്നൂരിനെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിരുന്നു. ജില്ലയില്‍ പൊതുവെ ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഓടിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ പൂര്‍ണമായും ഹര്‍ത്താലില്‍ പങ്കെടുത്തു. ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വിസും ജങ്കാര്‍ സര്‍വിസുകളും നിശ്ചലമായി. ജങ്കാര്‍ സര്‍വിസ് ഇല്ലാത്തതിനാല്‍ കായലിനക്കരെ പോകാന്‍ പ്രയാസപ്പെട്ട യുവാവ് നീന്തി അക്കരെയത്തൊന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചത് ഹര്‍ത്താല്‍ ദിനത്തിലെ ഞെട്ടിപ്പിക്കുന്ന സംഭവമായി. പുളിങ്കുന്ന് സ്വദേശി കലേഷാണ് മരിച്ചത്. വള്ളികുന്നം ചൂനാട് ചന്തയില്‍ ഹര്‍ത്താല്‍ അനുകൂലികളും മത്സ്യക്കച്ചവടക്കാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ട് കച്ചവടക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് വള്ളികുന്നം പഞ്ചായത്തില്‍ ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ ആചരിക്കും. ഇലിപ്പക്കുളം പനമൂട്ടില്‍ തറയില്‍ ഷംസുദ്ദീന്‍ (52), പനമൂട്ടില്‍ തറയില്‍ അലിയാര്‍ (55) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ആറു മണിക്കു ശേഷമേ കച്ചവടം പാടുള്ളൂവെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നീട് വാക്കേറ്റം നേരിയതോതില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മര്‍ദനമേറ്റ ഷംസുദ്ദീനെയും അലിയാരെയും കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളികുന്നം പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് യൂനിറ്റ് പ്രസിഡന്‍റ് മഠത്തില്‍ ഷുക്കൂര്‍ അറിയിച്ചു. ടൂറിസം രംഗത്തും ഹര്‍ത്താല്‍ കനത്ത തിരിച്ചടിയായി. 90 ശതമാനം ഹൗസ്ബോട്ടുകളും സര്‍വിസ് നിര്‍ത്തിവെച്ചു. ഇതുമൂലം കോടികളുടെ നഷ്ടമുണ്ടായതായി ഹൗസ്ബോട്ട് ഉടമകള്‍ പറഞ്ഞു. ഹൗസ്ബോട്ടുകള്‍ നങ്കൂരമിടുന്ന പുന്നമട ഫിനിഷിങ് പോയന്‍റ് നിശ്ചലമായി. ബീച്ചിലും കാര്യമായ അനക്കമുണ്ടായില്ല. സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. കയര്‍ മേഖലയുമായി ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കാര്യമായ സമ്മര്‍ദമില്ലാതെ ജനങ്ങള്‍ സ്വമേധയാ ഹര്‍ത്താലില്‍ അണിചേരുകയായിരുന്നെന്ന് ഹര്‍ത്താല്‍ അനുകൂല സംഘടനകള്‍ അവകാശപ്പെട്ടു. കലക്ടറേറ്റിലും ആരും ജോലിക്കത്തെിയില്ല. കലക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. വി.ബി. അശോകന്‍, അജയ് സുധീന്ദ്രന്‍, ആര്‍. ഗിരീഷ്, ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു. ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുല്ലക്കലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സീറോ ജങ്ഷന് സമീപം നടന്ന സമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, അഡ്വ. ഡി. സുഗതന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാബു ജേക്കബ്, ബി. ഉണ്ണികൃഷ്ണന്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു. അമ്പലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബാങ്കിങ് മേഖലയെയും ശബരിമല തീര്‍ഥാടകരെയും ഹര്‍ത്താല്‍ ബാധിച്ചില്ല. അരൂക്കുറ്റി പെട്രോള്‍ പമ്പിനു സമീപം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ആനയുമായി പോയ ലോറിയും കാറുകളും തടഞ്ഞവയില്‍ ഉള്‍പ്പെടും. ഒരുമണിക്കൂറിന് ശേഷം പൊലീസ് എത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. പൂച്ചാക്കല്‍ മേഖലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വൈകുന്നേരം ആറുവരെ വാഹനങ്ങള്‍ തടഞ്ഞു. സി.പി.എം തൃച്ചാറ്റുകുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പളം കവല കേന്ദ്രീകരിച്ചാണ് വൈകുന്നേരം വാഹനങ്ങള്‍ തടഞ്ഞത്. മിക്ക സ്ഥലങ്ങളിലും അഞ്ചുമണിയോടെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തു. ഹര്‍ത്താല്‍ അവസാനിക്കാറായ സമയം നോക്കി വാഹനങ്ങളുമായി റോഡിലിറങ്ങിയവരെയാണ് തടഞ്ഞിട്ടത്. നാലുമണിയോടെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ എത്തിയത്. എന്നാല്‍, പൊലീസ് ഇവരെ ഒഴിവാക്കാന്‍ ശ്രമിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കി. ചേര്‍ത്തലയിലും ഹര്‍ത്താല്‍ പൊതുവെ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സി ചേര്‍ത്തല ഡിപ്പോയില്‍ തൃശൂരില്‍നിന്നുള്ള ഒരു സൂപ്പര്‍ഫാസ്റ്റ് ബസ് മാത്രമാണ് എത്തിയത്. ഓഫിസുകളില്‍ ഹാജര്‍നില തീരെ കുറവായിരുന്നു. ബാങ്കുകള്‍ തുറന്നെങ്കിലും ജീവനക്കാര്‍ കുറവായിരുന്നു. മാവേലിക്കര പ്രദേശത്ത് ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞുകിടന്നു. നഗരത്തില്‍ നടന്ന പ്രകടനം തഴവ വഴി ടി.ബി ജങ്ഷനില്‍ സമാപിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം കോശി അലക്സ് ഉദ്ഘാടനം ചെയ്തു. ആര്‍. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.