റെയില്‍വേ സ്റ്റേഷനിലെ ആദ്യ കുടുംബശ്രീ കാന്‍റീന്‍ ചെങ്ങന്നൂരില്‍ ആരംഭിച്ചു

ചെങ്ങന്നൂര്‍: കുടുംബശ്രീയുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷനിലെ സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ കഫേ കാന്‍റീന്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. റെയില്‍വേയുടെ ജെന്‍ ആഹാര്‍ പദ്ധതി പ്രകാരം കുടുംബശ്രീയുടെ സഹകരണത്തോടെ സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ വെജിറ്റേറിയന്‍ റിഫ്രഷ്മെന്‍റ് റൂമുകള്‍ ആരംഭിക്കുന്നതിന്‍െറ ഭാഗമായാണ് കുടുംബശ്രീ കഫേ കാന്‍റീന്‍ ആരംഭിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയിലെ അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന അമൃതശ്രീ യൂനിറ്റിനാണ് കാന്‍റീന്‍ നടത്തിപ്പിന്‍െറ ചുമതല. ഇവര്‍ക്ക് സഹായത്തിനായി അഞ്ച് അംഗങ്ങള്‍ കൂടിയുണ്ട്. ആഹാരം പാകം ചെയ്യാനും കാന്‍റീന്‍ നടത്തിപ്പിനും വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടുപേരെ താല്‍ക്കാലികമായി കുടുംബശ്രീ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അമൃതശ്രീ കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. സി.ഡി.എസ്.ചെയര്‍പേഴ്സന്‍ വി.കെ. സരോജിനി അധ്യക്ഷത വഹിച്ചു. അഖിലഭാരത അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അഡ്വ. ഡി. വിജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, രാജന്‍ കണ്ണാട്ട്, കെ. ഷിബുരാജന്‍, വത്സമ്മ ഏബ്രഹാം, ഷേര്‍ലി രാജന്‍, സൂസമ്മ ഏബ്രഹാം, സാലി ജെയിംസ്, മേഴ്സി ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ഇന്‍ ചാര്‍ജ് വി.ജെ. വര്‍ഗീസ്, മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്‍റ് സി.വി. അരുണ്‍, സി.ഡി.എസ്.വൈസ് ചെയര്‍പേഴ്സന്‍ ടി.കെ. ഷീല എന്നിവര്‍ സംസാരിച്ചു. വളരെ നാളായി അടഞ്ഞുകിടന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാന്‍റീനാണ് കുടുംബശ്രീയുടെ അമൃതശ്രീ കഫേയായി പ്രവര്‍ത്തനം ആരംഭിച്ചത്. ന്യായവിലക്ക് വെജിറ്റേറിയന്‍ ആഹാരം കാന്‍റീനില്‍നിന്ന് 24 മണിക്കൂറും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.