‘ചോരാത്ത വീട്’ പദ്ധതി: കെ.എ. കരീമിന് കാരുണ്യ അവാര്‍ഡ്

മാന്നാര്‍: സംസ്ഥാനതലത്തില്‍ മാതൃകയായി മാറിയ ചോരാത്ത വീട് എന്ന ഭവനപുനരുദ്ധാരണ പദ്ധതിയുടെ പ്രായോജകനായ കെ.എ. കരീമിനെ തേടി കത്തോലിക്കാ സഭയുടെ കാരുണ്യ അവാര്‍ഡ്. മാന്നാര്‍ പഞ്ചായത്ത് കുരട്ടിശ്ശേരി ടൗണ്‍ അഞ്ചാംവാര്‍ഡിലെ ജനപ്രതിനിധിയായിരുന്ന കൊച്ചേനാത്ത് പുത്തന്‍വീട്ടില്‍ കെ.എ. കരീം 2015 ജനുവരിയിലാണ് ചോരാത്ത വീട് എന്ന ആശയത്തിന് തുടക്കമിട്ടത്. വാര്‍ഡില്‍ ചോര്‍ന്നൊലിക്കുന്ന വീടുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സുമനസ്സുകളുടെ സഹായത്താല്‍ വീടുകളുടെ പുനരുദ്ധാരണം ആരംഭിച്ചത്. ജനങ്ങളില്‍നിന്ന് സാമ്പത്തികം സ്വീകരിക്കാതെ പകരം സാധനസാമഗ്രികളും അധ്വാനവും പ്രതീക്ഷിച്ച് തുടക്കംകുറിച്ച പദ്ധതി പിന്നീട് മാന്നാറിനു പുറമെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 18ാമത്തെ വീടിന്‍െറ പണി നടക്കുകയാണ്. വൈദ്യുതാഘേതമേറ്റ് മരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര വളഞ്ഞവട്ടം കോമളത്ത് വീട്ടില്‍ സ്നേഹജന്‍െറ വീടാണ് അവസാനമായി പൂര്‍ത്തീകരിച്ചത്. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ വേര്‍പാടിനുശേഷം ഈ പദ്ധതി അദ്ദേഹത്തിന്‍െറ നാമധേയത്തിലാക്കി മാറ്റി. മുഖ്യമന്ത്രിയുടെ സ്പെഷല്‍ സെക്രട്ടറി കൂടിയായ കവി പ്രഭാവര്‍മയാണ് ‘ചോരാത്ത വീട്’ എന്ന് ഈ പദ്ധതിക്ക് നാമകരണം ചെയ്തത്. തിരുവല്ല അതിഭദ്രാസനം കത്തോലിക്ക സഭ കാരുണ്യവര്‍ഷാചരണത്തിലാണ് കരീമിന്‍െറ സേവനത്തെ അംഗീകരിച്ച് മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് കാരുണ്യ അവാര്‍ഡ് സമ്മാനിച്ചത്. തിരുവല്ല സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങ് ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.