ആറാട്ടുപുഴ കെ.എസ്.ഇ.ബി ഓഫിസ് മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍

പല്ലന: ആറാട്ടുപുഴ കെ.എസ്.ഇ.ബി ഓഫിസ് മാറ്റിസ്ഥാപിക്കാനള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. നിലവില്‍ ആറാട്ടുപുഴ എം.ഇ.എസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫിസ് വെട്ടത്തുകടവില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ ശ്രമം. വടക്ക് മതുക്കല്‍ മുതല്‍ തെക്ക് വലിയഅഴീക്കല്‍ വരെയുള്ള പ്രദേശത്തെ ജനങ്ങള്‍ ആശ്രയിക്കുന്നതാണ് ഈ ഓഫിസ്. തീരദേശ പാതയില്‍ ഏകദേശം മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ആറാട്ടുപുഴയിലും സമീപപ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യമായിരുന്നു. ആറാട്ടുപുഴ ജങ്ഷനില്‍നിന്ന് രണ്ട് കി.മീറ്റര്‍ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന വെട്ടത്ത് കടവിലേക്ക് യാത്രാ സൗകര്യങ്ങളില്ല. ആറാട്ടുപുഴ ജങ്ഷനില്‍ എത്തുന്ന വ്യക്തി വെട്ടത്ത് കടവിലെ കെ.എസ്.ഇ.ബി ഓഫിസില്‍ എത്താന്‍ 40 രൂപ നല്‍കി ഓട്ടോയെ ആശ്രയിക്കേണ്ടിവരും. ബസ് സൗകര്യമുള്ള തീരദേശ പാതക്കരികില്‍ സ്ഥാപിക്കുന്നതിന് തീരദേശവാസികള്‍ അനുകൂലമാണ്. എന്നാല്‍ ഉപ്പു കാറ്റടിക്കുന്നത് മൂലം കമ്പ്യൂട്ടര്‍ തകരാറിലാകുന്നത് പതിവാണെന്ന് അധികൃതര്‍ പറയുന്നു. ഇതുമൂലം പല ദിവസങ്ങളിലും ബില്ലിങ് മുടങ്ങുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഓഫിസ് മാറ്റുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, യന്ത്രത്തകരാറുണ്ടാകും എന്ന കാരണം ബോര്‍ഡ് കെട്ടിച്ചമച്ചതാണെന്നും അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഈ സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.