പത്തിയൂര്‍ മലമേല്‍ഭാഗത്തെ വഴിയടക്കാന്‍ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു

കായംകുളം: പത്തിയൂര്‍ മലമേല്‍ഭാഗത്തെ തര്‍ക്കത്തിലുള്ള വഴി കെട്ടിയടക്കാനുള്ള ബി.ജെ.പി ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന പൊലീസ് ഉറപ്പില്‍ താല്‍ക്കാലിക പരിഹാരമായി. പത്തിയൂര്‍ കിഴക്ക് മലയില്‍ ജങ്ഷന് സമീപത്തെ റോഡ് നിര്‍മാണമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. സി.പി.എം പിന്തുണയോടെ നിര്‍ധന കുടുംബത്തിന്‍െറ സ്ഥലം കൈയേറി റോഡ് നിര്‍മിച്ചെന്ന ആരോപണവുമായി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തുവന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. അമ്പാടി ഇന്ദിരാദേവിയുടെ വസ്തുവിലൂടെയുള്ള റോഡ് വെട്ടിയതാണ് പ്രശ്നമായത്. ഇവരുടെ ശുചിമുറിയടക്കം റോഡ് വികസനത്തില്‍ നഷ്ടമായെന്നാണ് പരാതി. അഞ്ച് സെന്‍റില്‍ കഷ്ടിച്ച് കഴിയുന്ന തങ്ങള്‍ക്ക് റോഡിന് സ്ഥലം നല്‍കാന്‍ കഴിയില്ളെന്ന് ഇന്ദിര അറിയിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ റോഡ് വെട്ടുന്നത് തടയാന്‍ ശ്രമിച്ച ഇന്ദിരയടക്കമുള്ളവര്‍ക്ക് ഒരാഴ്ച മുമ്പ് മര്‍ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രദേശത്ത് ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനൊടുവിലാണ് വെട്ടിയ റോഡ് കെട്ടിയടക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മിനെതിരെ ആരോപണമുന്നയിച്ച് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി. ഹരികുമാര്‍ പറഞ്ഞു. പതിനഞ്ചോളം കുടുംബങ്ങളുടെ കൂട്ടായ തീരുമാനപ്രകാരമാണ് റോഡ് നിര്‍മിക്കുന്നത്. പകരം സ്ഥലം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് റോഡ് വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഗുണ്ടായിസമാണ് പത്തിയൂരില്‍ നടക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ് പറഞ്ഞു. സി.പി.എമ്മിന്‍െറ നടപടിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ കുടിലിനുമുന്നിലൂടെ റിയല്‍ എസ്റ്റേറ്റ് ലോബിക്ക് റോഡ് വെട്ടുന്ന നടപടി അംഗീകരിക്കാനാകില്ല. മണ്ഡലം പ്രസിഡന്‍റ് പി.ഡി. സുനില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു, കെ.ആര്‍. മുരളീധരന്‍, നാസര്‍, ശ്രീജിത്ത്, എന്‍. രാജശേഖരന്‍ പിള്ള, എം.ജി. മോഹന്‍കുമാര്‍, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.