നിര്‍മാണം കഴിഞ്ഞിട്ട് രണ്ടുവര്‍ഷം; ആശുപത്രി കെട്ടിടം തുറന്നില്ല

അമ്പലപ്പുഴ: നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടം തുറന്നുകൊടുത്തില്ല. കരാറുകാരന്‍ പണം കിട്ടുന്നതിന് ഓഫിസുകളില്‍ കയറിയിറങ്ങുന്നു. ഫിഷറീസ് വകുപ്പ് 23ലക്ഷം രൂപ ചെലവില്‍ തോട്ടപ്പള്ളി തുറമുഖത്തിന് സമീപം നിര്‍മിച്ച ആശുപത്രി കെട്ടിടമാണ് നോക്കുകുത്തിയായത്. 2006ല്‍ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണത്തിന് തുടക്കമിട്ടത്. നിര്‍മാണം ആരംഭിച്ചശേഷം നിര്‍മിതികേന്ദ്രം കെട്ടിടം പാതിവഴിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 2013 ആഗസ്റ്റില്‍ നിര്‍മാണം റീ ടെന്‍ഡര്‍ ചെയ്തു. ഇതിനുശേഷം എറണാകുളം ഉദയംപേരൂര്‍ സ്വദേശി ഇതിന്‍െറ നിര്‍മാണം ഏറ്റെടുത്തു. തുടര്‍ന്ന് 2014 നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടി. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി തുറക്കാനോ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് പണം നല്‍കാനോ സര്‍ക്കാര്‍ തയാറായില്ല. കരാറുകാരന് നല്‍കാനുള്ള 16 ലക്ഷത്തില്‍പരം രൂപ ഇതുവരെ നല്‍കിയിട്ടില്ല. പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനാല്‍ കരാറുകാരന്‍ പണം ലഭിക്കുന്നതിന് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്. 10 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്തി നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.