ഹരിപ്പാട്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

ഹരിപ്പാട്: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍വശം റോഡ് കൈയേറിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും താലൂക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. താറാവുകള്‍ രോഗം ബാധിച്ച് കൂട്ടത്തോടെ ചത്തതുമൂലം കര്‍ഷകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായ സാഹചര്യത്തില്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയില്‍നിന്ന് കൃഷ്ണപുരം അജന്ത ജങ്ഷനിലെ ഗുരുമന്ദിരത്തിന് കിഴക്കോട്ടുള്ള വായനകം കുറ്റിത്തറ പഞ്ചായത്ത് റോഡിലേക്ക് പ്രവേശിക്കാന്‍ യൂടേണായി നിര്‍മിച്ച റോഡ് തകര്‍ന്നതിനാല്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ദേശീയപാത കൊല്ലം ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതം നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ തഹസില്‍ദാര്‍ എം.വി. അനില്‍കുമാറും മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.