വിദ്യാര്‍ഥി സുരക്ഷക്ക് നിര്‍ദേശങ്ങളുമായി സിറ്റി പൊലീസ്

കൊച്ചി: അധ്യയനവര്‍ഷം പടിവാതിലില്‍ നില്‍ക്കെ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശങ്ങളും വിപുലമായ സംവിധാനവുമൊരുക്കി കൊച്ചി സിറ്റി പൊലീസ്. നിര്‍ദേശങ്ങള്‍ രക്ഷാകര്‍ത്താക്കളും പൊതുജനങ്ങളും സ്കൂള്‍ വാഹന ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്നില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇവര്‍ കുട്ടികളെ വരിവരിയായി വാഹനങ്ങളില്‍ കയറ്റുന്നതിനും റോഡ് മുറിച്ചുകടക്കുന്നതിനും സ്കൂള്‍ പരിസരത്ത് മറ്റു വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ അറിയിച്ചു. ബസുകള്‍, സ്വകാര്യ ടാക്സികള്‍, ഓട്ടോകള്‍, മറ്റു സ്കൂള്‍ വാഹനങ്ങള്‍ എന്നിവയില്‍ കുട്ടികളെ അനുവദനീയ എണ്ണത്തില്‍ കൂടുതല്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പൊലീസിനെ അറിയിക്കണം. ബസുകളിലെയോ സ്കൂള്‍ വാഹനങ്ങളിലെയോ ജീവനക്കാര്‍ കുട്ടികളോട് മോശമായോ അപമര്യാദയായോ പെരുമാറിയാല്‍ പൊലീസിനെ അറിയിക്കുക. സ്കൂള്‍ വാഹന ജീവനക്കാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന് ബന്ധപ്പെട്ട അധികാരികളും രക്ഷാകര്‍ത്താക്കളും ഉറപ്പുവരുത്തണം. കുട്ടികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും കര്‍ശന സുരക്ഷാ പരിശോധനക്ക് വിധേയമാക്കും. എല്‍.പി.ജി വാഹനങ്ങളില്‍ മോട്ടോര്‍ വാഹനനിയമം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. സ്കൂള്‍ വാഹനങ്ങള്‍ക്ക് അമിതവേഗം പാടില്ല. യാത്രാബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി കുട്ടികളെ സുരക്ഷിതമായി ബസില്‍ കയറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.