കടലാക്രമണം: പ്രതിരോധ നടപടികള്‍ വൈകുന്നു

ആറാട്ടുപുഴ: കാലവര്‍ഷം അടുത്തത്തെുമ്പോള്‍ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികളുടെ ഉള്ള് പിടക്കുകയാണ്. കടലാക്രമണത്തിന്‍െറ തനിയാവര്‍ത്തനം വീണ്ടും അനുഭവിക്കേണ്ടിവരുമോയെന്ന ഭീതിയിലാണിവര്‍. ഓരോ വര്‍ഷവും മണ്‍സൂണ്‍ കാലം കടന്നുപോകുമ്പോള്‍ നഷ്ടങ്ങളുടെ കണക്കാണ് ഗ്രാമവാസികള്‍ക്ക്. ഇടവപ്പാതിയും തുലാവര്‍ഷവും ഇവര്‍ക്ക് ഒരുപോലെയാണ്. കടലെടുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തില്‍ അവശേഷിക്കുന്ന ഭാഗങ്ങളെങ്കിലും സംരക്ഷിക്കാനും ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാനും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശാശ്വത നടപടി ഉണ്ടായിട്ടില്ല. ഇതിനകം കോടികളുടെ നഷ്ടമാണ് കടല്‍ക്ഷോഭത്തിന്‍െറ പേരില്‍ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. അത്രമാത്രം ദുര്‍ബലമായിരിക്കുകയാണ് പലയിടത്തെയും കടല്‍ഭിത്തി. അത്തരം സ്ഥലങ്ങളിലൂടെ കടല്‍വെള്ളം അടിച്ചുകയറി കിഴക്കോട്ടൊഴുകി വീടുകളില്‍ താമസിക്കാനാകാത്ത സാഹചര്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി ജങ്ഷന്‍െറ വടക്കുഭാഗം കടലാക്രമണങ്ങളില്‍ കെടുതികള്‍ ഏറെയുണ്ടാകുന്ന പ്രദേശമാണ്. ഇവിടെ കടല്‍ഭിത്തി വളരെ ദുര്‍ബലമാണ്. കടലിനോട് ഏറെ അടുത്താണ് തീരദേശ റോഡുള്ളത്. ചെറുതായൊന്ന് കടലിളകിയാല്‍ റോഡ് മണ്ണിനടിയിലാകും. ആറാട്ടുപുഴ പഞ്ചായത്തിലെ ഏറ്റവും ദുര്‍ബലമായ സ്ഥലംകൂടിയാണിത്. ഇവിടെ കടലും കായലും തമ്മില്‍ ഏതാനും മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. ഈ പ്രദേശം ശക്തമായ കടല്‍ഭിത്തി കെട്ടി സംരക്ഷിച്ചില്ളെങ്കില്‍ കടലും കായലും തമ്മില്‍ ഒന്നായി മറ്റൊരു പൊഴി രൂപപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കടലാക്രമണ വേളകളില്‍ ഏതാനും ലോഡ് കല്ലുകള്‍ ഇറക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് അധികാരികള്‍ കാലങ്ങളായി ചെയ്യുന്നത്. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള അരക്കിലോമീറ്റര്‍ ഭാഗമാണ് മറ്റൊരു അപകട മേഖല. വലിയഴീക്കല്‍-തൃക്കുന്നപ്പുഴ തീരദേശ റോഡ് കടലിനോട് ഏറെ അടുത്തുകൂടിയാണ് കടന്നുപോകുന്നത്. ചെറുതായൊന്ന് തിരയിളകിയാല്‍ റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥ കാലങ്ങളായി തുടരുകയാണ്. ഇവിടെ തകര്‍ന്നുകിടന്ന റോഡ് ലക്ഷങ്ങള്‍ മുടക്കി ആഴ്ചകള്‍ക്കുമുമ്പ് പുനര്‍നിര്‍മിച്ചെങ്കിലും അടുത്തിടെയുണ്ടായ കടലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. ഇവിടെ കടല്‍ഭിത്തിയുണ്ടെങ്കിലും കൂറ്റന്‍ തിരമാലകള്‍ ഇതും കടന്നാണ് റോഡില്‍ പതിക്കുന്നത്. ശാസ്ത്രീയമായി പുലിമുട്ട് നിര്‍മിക്കുകയും കടല്‍ഭിത്തി ശക്തിപ്പെടുത്തുകയും ചെയ്താല്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ആറാട്ടുപുഴ എം.ഇ.എസ് ജങ്ഷന്‍ ഭാഗത്തും കടല്‍ഭിത്തി ദുര്‍ബലമാണ്. ഓരോ കടലാക്രമണത്തിലും തീരം നശിച്ച് കടല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കടപ്പുറം ജുമാമസ്ജിദടക്കം കടലാക്രമണ ഭീഷണി നേരിടുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗര്‍ മുതല്‍ മതുക്കല്‍ വരെയുള്ള ഭാഗത്തും കടലാക്രമണ ഭീഷണി ശക്തമാണ്. പതിറ്റാണ്ടുമുമ്പ് ഇവിടെ നിര്‍മിച്ച കടല്‍ഭിത്തി മണ്ണിനടിയിലാണ്. തിരമാല ശക്തമായൊന്നടിച്ചാല്‍ തീരദേശ റോഡ് മണ്ണിനടിയിലാകും. ഇവിടെ പുലിമുട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടല്‍ഭിത്തി ബലപ്പെടുത്താത്തതിനാല്‍ വേണ്ടത്ര ഗുണഫലം കിട്ടുന്നില്ല. പാനൂര്‍ പുത്തന്‍പുര ജങ്ഷന്‍, പള്ളിപ്പാട്ടുമുറി ഭാഗങ്ങളിലും തോപ്പില്‍ ജങ്ഷന് പടിഞ്ഞാറും നിലവിലെ കടല്‍ഭിത്തി ദുര്‍ബലമായതിനാല്‍ ഓരോ കടലാക്രമണത്തിലും കൊടിയ ദുരിതമാണ് തീരവാസികള്‍ പേറുന്നത്. കൂടുതല്‍ അപകടാവസ്ഥയുള്ള പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടലാക്രമണ പ്രതിരോധത്തിന് നടപടിയുണ്ടായില്ളെങ്കില്‍ വരാനിരിക്കുന്ന കടലാക്രമണത്തില്‍ തീരദേശ വാസികളുടെ ജീവിതം ദുരന്തപൂര്‍ണമായിരിക്കും. പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ജനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.