ദുരൂഹതയും പേറി നഗരമധ്യത്തിലെ ഉഴത്തില്‍ ബില്‍ഡിങ്

ചെങ്ങന്നൂര്‍: കഴിഞ്ഞ വ്യാഴാഴ്ച വരെ ആരും ശ്രദ്ധിക്കപ്പെടാതെകിടന്ന കെട്ടിടമാണ് കോടതി റോഡിന് സമീപമുള്ള ഉഴത്തില്‍ ബില്‍ഡിങ് എന്ന മൂന്നുനില കെട്ടിടം. എന്നാല്‍, 27ന് രാത്രി പൊലീസ് ഈ കെട്ടിടത്തിന്‍െറ താഴത്തെ നിലയിലേക്കുള്ള പ്രവേശം അടച്ച് കാവല്‍ ഏര്‍പ്പെടുത്തിയതോടെയാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞത്. ജോയി ജോണിന്‍െറയും മകന്‍െറയും തിരോധാനവും പിന്നീട് മകന്‍ പിതാവിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും ഈ കെട്ടിടത്തെയും ശ്രദ്ധാകേന്ദ്രമാക്കി. ജോയി ജോണിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. 28ന് രാവിലെതന്നെ വന്‍ പൊലീസ് സന്നാഹം കെട്ടിടത്തിലേക്ക് ഇരച്ചുകയറി. ഇതറിഞ്ഞതോടെ നൂറുകണക്കിന് ആളുകള്‍ ഇവിടെ തടിച്ചുകൂടി. ആരെയും അകത്തേക്ക് കയറ്റിവിടാതെ പൊലീസ് മണിക്കൂറുകള്‍ നീണ്ട പരിശോധനയും തെളിവെടുപ്പുമാണ് പിന്നീട് നടത്തിയത്. വായുസഞ്ചാരവും വെളിച്ചവും കുറഞ്ഞ ഇവിടത്തെ തെളിവെടുപ്പ് പൊലീസിന് ഏറെ ദുഷ്കരമായിരുന്നു. അന്വേഷണ സംഘത്തില്‍ തഹസില്‍ദാരും വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉള്ളതും നാട്ടുകാരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കി. കാണാതായവരുടെ മൃതദേഹം ഇവിടത്തെ കിണറ്റിലുണ്ടെന്ന് ഇതിനിടെ അഭ്യൂഹം പരന്നു. ഇതോടെ കെട്ടിടത്തിനു മുന്നിലേക്ക് ആളുകളുടെ പ്രവാഹമായി. പൊലീസ് കിണറ്റില്‍ നടത്തിയ പരിശോധനയില്‍ ഭാരമുള്ള ചാക്കുകെട്ട് കണ്ടത്തെിയതാണ് ഇതിന് കാരണമായത്. തുടര്‍ന്ന് പൊലീസ് സംഘത്തിലൊരാള്‍ കിണറ്റിലിറങ്ങി ഇത് കരയിലത്തെിക്കാനുള്ള ശ്രമം നടത്തി. ചാക്കിനുള്ളില്‍ മാലിന്യമാണെന്ന് കണ്ടതോടെ പൊലീസിനും ജനത്തിനും ആശ്വാസമായി. ഇവിടെനിന്ന് കരിഞ്ഞ മാംസക്കഷണങ്ങളും ജോയി ജോണിന്‍െറ ചെരിപ്പും ഉടുപ്പിന്‍െറ ബട്ടന്‍സും ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത കെട്ടിടത്തിനുള്ളില്‍ കൊലപാതകം നടന്നുവെന്ന നിഗമനത്തിലേക്ക് എത്തുന്നതിനും കാരണമായി. തുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് ആളുകള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടെ, പമ്പാനദിയില്‍ പൊലീസ് മൃതദേഹത്തിനായി സ്പീഡ് ബോട്ടുകളില്‍ തിരച്ചില്‍ ആരംഭിച്ചതോടെ കടയുടെ മുന്നില്‍ കൂടിയ ജനങ്ങളില്‍ ഏറെപ്പേരും അങ്ങോട്ടേക്ക് പോയി. വൈകുന്നേരം എസ്.പി സ്ഥലം സന്ദര്‍ശിച്ചശേഷം പൊലീസ് ഇവിടേക്കുള്ള ഷട്ടര്‍ പൂട്ടിയതോടെയാണ് തടിച്ചുകൂടിയ ജനം പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.