ഒൗദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷിയെ കൈവിടാതെ രജനി ജയദേവ്

ചാരുംമൂട്: ഒൗദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷിയെ കൈവിടാത്ത രജനി ജയദേവിന് അംഗീകാരങ്ങള്‍ കരുത്താവുന്നു. ഭരണിക്കാവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായ കറ്റാനം ഭരണിക്കാവ് പാറക്കല്‍ രജനി ജയദേവിനാണ് ജില്ലയിലെ മികച്ച കര്‍ഷകക്കുള്ള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്‍െറ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. ഇലക്ട്രോണിക്സ് എന്‍ജിനീയറായ രജനി ജയദേവ് 18 വര്‍ഷം കെല്‍ട്രോണില്‍ ജോലിചെയ്തിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തോളം ദുബൈയിലും ജോലിനോക്കി. ഏഴുവര്‍ഷം മുമ്പ് നാട്ടിലത്തെിയ ശേഷമായിരുന്നു ചെറുപ്പം മുതല്‍ കൃഷിയോടുണ്ടായിരുന്ന താല്‍പര്യം യാഥാര്‍ഥ്യമാക്കാനായത്. വീടിനോടു ചേര്‍ന്ന അഞ്ച് ഏക്കര്‍ നിറയെ വിവിധങ്ങളായ കൃഷികള്‍ ഇറക്കി. പച്ചക്കറികളാണ് അധികവും. നാടന്‍ പച്ചക്കറികള്‍ക്കൊപ്പം കാബേജും കാരറ്റുമൊക്കെ കൃഷിചെയ്യുന്നു. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. അഞ്ചേക്കറിനുള്ളില്‍ അല്‍പം നെല്‍കൃഷിയും മീന്‍ വളര്‍ത്തലിന് മൂന്നു കുളങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിദേശഇനം ഫ്രൂട്ട്സ് പ്ളാന്‍റുകളും നട്ടുവളര്‍ത്തുന്നു. മംഗോസ്റ്റിന്‍, ഫുലാസാന്‍, ബാങ്കോക് ചാമ്പ, മലേഷ്യന്‍ ചാമ്പ, ബെറാബ എന്നിവ പ്രധാനമാണ്. വിവിധയിനം മാവുകളും കൃഷിയിടത്തിലുണ്ട്. ചെടിവളര്‍ത്തലില്‍ കുട്ടിക്കാലം മുതലുള്ള കമ്പം ഇപ്പോഴുമുണ്ട്. വിദേശഇനങ്ങളുള്‍പ്പെടെ ചെടികളുടെ നീണ്ടനിര തന്നെ വീടിനു ചുറ്റുമായി കാണാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായത്. ഒൗദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടെ കൃഷിയിലും കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടെന്ന് രജനി ജയദേവ് പറയുന്നു. നവാഗതരായ കൃഷിക്കാര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും സഹായങ്ങളും ഇവര്‍ നല്‍കിവരുന്നു. കൃഷി കാര്യങ്ങളില്‍ എന്‍ജിനീയര്‍ കൂടിയായ ഭര്‍ത്താവ് ജയദേവിന്‍െറയും മക്കളുടെയും പ്രോത്സാഹനവും സഹായങ്ങളുമുണ്ട്. മികച്ച കര്‍ഷകക്കുള്ള കൈരളി ടി.വിയുടെ 2016ലെ കതിര്‍ പുരസ്കാരം, ജില്ലാ സാനിറ്റേഷന്‍ സമിതിയുടെ 2014ലെ ആരാമം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.