ചേര്‍ത്തലയിലെ തോല്‍വിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു

ചേര്‍ത്തല: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ചേര്‍ത്തല ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയടക്കം വിജയത്തിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ളെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. തോല്‍വിയെക്കറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പോഷക സംഘടനകളുടെ നേതൃത്വങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്‍റുമാരാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി കനത്തവില നല്‍കേണ്ടി വരും. ഇതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി.സി.സി, കെ.പി.സി.സി നേതൃത്വത്തെ സമീപിക്കുമെന്ന് പ്രസിഡന്‍റുമാരായ എന്‍.പി. വിമല്‍, ഉഷാ സദാനന്ദന്‍, എം. അനന്തകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. പരാജയത്തിന് പാളയത്തില്‍നിന്നുതന്നെ ഗൂഢശ്രമം ഉണ്ടായതായും അവര്‍ ആരോപിച്ചു. ഇതിനുപുറമെ പ്രവര്‍ത്തനങ്ങളിലെ നേതാക്കളുടെ നിസ്സഹകരണത്തില്‍ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്തംഗങ്ങളും നഗരസഭാ കൗണ്‍സിലര്‍മാരും രാജിഭീഷണി മുഴക്കി. മുതിര്‍ന്ന നേതാക്കളടക്കം കാലുവാരിയതാണ് പരാജയത്തിനു കാരണമെന്നാരോപിച്ച് ചേര്‍ത്തല തെക്ക് 19ാം വാര്‍ഡ് അംഗവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ളോക് ഭാരവാഹിയുമായ സിബി പൊള്ളയില്‍ പഞ്ചായത്തംഗത്വം രാജിവെച്ചു. രാജിക്കത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും കോണ്‍ഗ്രസ് അര്‍ത്തുങ്കല്‍ മണ്ഡലം പ്രസിഡന്‍റിനും കൈമാറി. ശനിയാഴ്ച ബ്ളോക് കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി അനുസ്മരണത്തില്‍ വലിയൊരുവിഭാഗം വിട്ടുനിന്നത് പ്രതിഷേധത്തെ തുടര്‍ന്നാണെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.