കോടികള്‍ മുടക്കി നിര്‍മിച്ച നീന്തല്‍ക്കുളം ശോച്യാവസ്ഥയില്‍

ആലപ്പുഴ: കോടികള്‍ മുടക്കി നിര്‍മിച്ച നീന്തല്‍ക്കുളം ശോച്യാവസ്ഥയില്‍. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നീന്തല്‍ പഠിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് ബീച്ചിന് സമീപം രാജാ കേശവദാസ് മെമ്മോറിയല്‍ നീന്തല്‍ക്കുളം പിറവിയെടുത്തത്. 1995ലാണ് അഞ്ചുകോടി മുതല്‍മുടക്കി ബീച്ചിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മിക്കാന്‍ ശിലയിട്ടത്. 1997ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് പണി പൂര്‍ത്തിയാക്കി നീന്തല്‍ക്കുളം കായികപ്രേമികള്‍ക്കായി തുറന്നുനല്‍കിയത്. 60 പേര്‍ക്ക് ഒരേസമയം നീന്തല്‍ പരിശീലനം നടത്താന്‍ കഴിയുന്ന രീതിയിലായിരുന്നു. നീന്തല്‍ പരിശീലന ക്ളാസുകളും ഒരുക്കിയിരുന്നു. ഇതിനായി 250 രൂപ ഫീസായി ഈടാക്കിയിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം നന്നായി പ്രവര്‍ത്തിച്ചു. എന്നാല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ നിയമിച്ച പരിശീലകന് ശമ്പളം കൃത്യമായി ലഭിക്കാതെവന്നപ്പോള്‍ അയാള്‍ ജോലിവിട്ട് പോയി. ഇതോടെ പരിശീലനവും നിന്നു. കുളത്തില്‍ സ്ഥാപിച്ചിരുന്ന ഫില്‍ട്ടറേഷന്‍ പ്ളാന്‍റ്, ജനറേറ്റര്‍, ഫ്ളഡ്ലൈറ്റ്, പ്രവേശ കവാടം എന്നിവ നാശത്തിലുമായി. 2001ല്‍ നീന്തല്‍ക്കുളം ഉപയോഗിക്കുന്നതില്‍നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പിന്മാറി. പകരം നീന്തല്‍ക്കുളം നടത്തിപ്പിന് സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് നല്‍കി. നടത്തിപ്പുകാരുടെ അശ്രദ്ധമൂലം മൂന്ന് യുവാക്കളുടെ ജീവന്‍ നീന്തല്‍ക്കുളത്തില്‍ നഷ്ടമായി. ഈ സംഭവത്തോടെ നീന്തല്‍ക്കുളം ആരും ഉപയോഗിക്കാതായി. ഇപ്പോള്‍ ഇത് തികച്ചും ശോച്യാവസ്ഥയിലാണ്. ചുറ്റും കാടുപിടിച്ചതോടെ സാമൂഹികവിരുദ്ധരുടെ താവളമായി. ആലപ്പുഴ പട്ടണത്തിന്‍െറ ശില്‍പിയുടെ പേര് എന്ന വിശേഷണം മാത്രമേ ഇപ്പോഴുള്ളൂ. നീന്തല്‍ക്കുളം നവീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പരിഗണനയിലുണ്ട്. മാര്‍ച്ചില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നീക്കം. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ തടസ്സപ്പെട്ടു. ഇനി ജൂണിനുശേഷമേ ഉണ്ടാകാന്‍ ഇടയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.