ഹരിപ്പാട്ട് ബി.ജെ.പി വോട്ട് കുറഞ്ഞത് ആസൂത്രിത അടിയൊഴുക്കില്‍

ആലപ്പുഴ: ഹരിപ്പാട്ട് ബി.ജെ.പി വോട്ട് കുറഞ്ഞത് ആസൂത്രിത അടിയൊഴുക്കില്‍ എന്ന് വിലയിരുത്തല്‍. ഇടതുതരംഗത്തിനിടയിലും യു.ഡി.എഫിന് അഭിമാനമായി ആലപ്പുഴ ജില്ലയില്‍ പിടിച്ചുനിന്നത് രമേശ് ചെന്നിത്തല മാത്രമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 5520 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ കഷ്ടിച്ച് ജയിച്ചുകയറിയ ചെന്നിത്തല ഇക്കുറി നേടിയത് 18,621 വോട്ടിന്‍െറ ഭൂരിപക്ഷമാണ്. ആകെ നേടിയത് 75,980 വോട്ട്. കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷം. എന്നാല്‍, ജില്ലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഏറ്റവും കുറച്ച് വോട്ട് നേടിയത് ഹരിപ്പാടാണ്. 12,985 വോട്ട് മാത്രമാണ് ഇവിടെ ലഭിച്ചത്. എന്‍.ഡി.എയില്‍ അടിയൊഴുക്ക് ഉണ്ടായതായാണ് സൂചന. എല്‍.ഡി.എഫിലെ പി. പ്രസാദ് നേടിയത് 57,359 വോട്ടാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് മത്സരിച്ചപ്പോള്‍ ഹരിപ്പാട് മണ്ഡലത്തില്‍ 19,000ല്‍ അധികം വോട്ട് നേടിയിരുന്നു. ഇത്തവണ മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസുമായി ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍, 12,985 വോട്ട് മാത്രം നേടിയതിലൂടെ ബി.ജെ.പിയില്‍നിന്ന് വോട്ട് യു.ഡി.എഫിലേക്ക് ചോര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് നേടിയതിനെക്കാളും 6000ത്തിലേറെ വോട്ടിന്‍െറ കുറവ് ഉണ്ടായതിനെക്കുറിച്ച് ബി.ജെ.പി വൃത്തങ്ങള്‍ക്ക് ഉത്തരമില്ല. യു.ഡി.എഫുമായി ബി.ജെ.പിയിലെ ചിലര്‍ ഒത്തുകളിച്ചതാണ് വോട്ട് ചോര്‍ച്ചക്ക് കാരണമെന്ന് പറയുന്നു. ബി.ഡി.ജെ.എസിനും ബി.ജെ.പിയിലെ ഒരുവിഭാഗത്തിനും ഇതില്‍ അമര്‍ഷമുണ്ട്. ഹരിപ്പാട്ട് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബി.ജെ.പിയില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ബി.ഡി.ജെ.എസിന്‍െറ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് യു.ഡി.എഫിന്‍െറ സമ്മര്‍ദവും ഉണ്ടായിരുന്നത്രെ. ഇതിന്‍െറ ഫലമായി വളരെ വൈകിയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എന്നാല്‍, മറ്റ് മണ്ഡലങ്ങളില്‍ നടന്നതുപോലെയുള്ള വാശിയേറിയ പ്രചാരണമൊന്നും ഹരിപ്പാട്ട് ഉണ്ടായില്ല. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ മത്സരിക്കാതിരുന്നതിന് പിന്നില്‍ ബി.ഡി.ജെ.എസ് നേതാവിന്‍െറ സ്വാധീനം ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഷുക്കൂറിനെ മത്സരിപ്പിച്ചാല്‍ ഹരിപ്പാട് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി രമേശ് ചെന്നിത്തലക്ക് ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു ഇതിന്‍െറ പേരിലുണ്ടായ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് അമ്പലപ്പുഴ മണ്ഡലം ഘടകകക്ഷിക്ക് വിട്ടുകൊടുത്തു. ഫലത്തില്‍ ഹരിപ്പാട്ട് ബി.ഡി.ജെ.എസിന്‍െറ സ്ഥാനാര്‍ഥിയോ ബി.ജെ.പിയുടെ കരുത്തനായ സ്ഥാനാര്‍ഥിയോ എത്തിയില്ല. ത്രികോണ മത്സരമെന്ന് വരുത്തിത്തീര്‍ത്ത് ഹരിപ്പാട്ട് വലിയ അടിയൊഴുക്കുകളുടെ സാധ്യതക്ക് ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധം വാതില്‍ തുറക്കുകയായിരുന്നു. അതിന്‍െറ ഫലമായി ജില്ലയിലെ മറ്റുമണ്ഡലങ്ങളില്‍ നേടിയ വോട്ടുകളുടെ അടുത്തുപോലും ഹരിപ്പാട് ബി.ജെ.പിക്ക് നേടാനായില്ല. ഇതുവഴി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഏറെ വര്‍ധിക്കുകയും ചെയ്തെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.