ആലപ്പുഴ: കടുത്ത വേനല്‍ച്ചൂടിന് നടുവിലും നാടിളക്കി രണ്ടു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍ നാളെ വിധിയെഴുത്ത്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലുമായി 16,93,155 വോട്ടര്‍മാര്‍ തിങ്കളാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും. കൂടുതല്‍ വോട്ടര്‍മാര്‍ ചേര്‍ത്തലയിലും കുറവ് കുട്ടനാട്ടിലുമാണ്. ആകെ 75 സ്ഥാനാര്‍ഥികളാണ് മത്സരംഗത്തുള്ളത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളെ കൂടാതെ വെല്‍ഫെയര്‍പാര്‍ട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ, എസ്.യു.സി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാര്‍ഥികളും മികച്ച പ്രചാരണം കാഴ്ചവെച്ചാണ് വോട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി പോളിങ് ശതമാനം ഉയര്‍ത്താന്‍ വിപുലമായ പ്രചാരണമാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമീഷന്‍െറ നേതൃത്വത്തില്‍ നടന്നത്. ഇത് വിധിയെഴുത്തില്‍ വലിയ തോതില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. വോട്ടര്‍മാരില്‍ സ്ത്രീകളാണ് ജില്ലയില്‍ മുന്നില്‍. 8,89,742 പേര്‍ സ്ത്രീകളും 8,03,413 പുരുഷന്‍മാരുമാണ്. ഒമ്പത് മണ്ഡലങ്ങളിലായി ആകെ 1,469 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. ഇതില്‍ 45 മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകളാല്‍ നിയന്ത്രിക്കപ്പെടുന്ന 20 പോളിങ് സ്റ്റേഷനുകളും ഉണ്ട്. ഓരോ നിയോജകമണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പോളിങ് സ്റ്റേഷനുകള്‍ വീതമാണ് മാതൃകാ പോളിങ് സ്റ്റേഷനുകളായി ക്രമീകരിച്ചത്. ഓരോ മണ്ഡലത്തിലും രണ്ടു വീതമാണ് വനിതാ പോളിങ് സ്റ്റേഷനുകള്‍. ആലപ്പുഴ മണ്ഡലത്തില്‍ മാത്രം നാല് വനിതാ പോളിങ് സ്റ്റേഷനുകളുണ്ട്. ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലി പൂര്‍ണമായും നിര്‍വഹിക്കുക വനിതകളാണ്. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ ഡ്യൂട്ടിക്കുള്ള പൊലീസുകാര്‍ വരെ വനിതകളാണ്. ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കായി 7546 ജീവനക്കാരെയാണ് നിയോഗിച്ചത്. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ഒമ്പത് കമ്പനികളായി 648 കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥരടക്കം 1818 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ കീഴില്‍ എട്ട് സബ്ഡിവിഷനുകളിലായി 17 സ്ട്രൈക്കിങ് ഫോഴ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സി.ഐമാര്‍ക്കാണ് ഈ ഫോഴ്സിന്‍െറ ചുമതല. ഇതുകൂടാതെ എസ്.പിയുടെ കീഴില്‍ 72 പേരുടെ മറ്റൊരു സ്ട്രൈക്കിങ് ഫോഴ്സുകൂടി പ്രവര്‍ത്തി ക്കുന്നുണ്ട്. ജില്ലയില്‍ 431 ബൂത്തുകളിലാണ് പ്രശ്ന സാധ്യതയുള്ളതായി കണ്ടത്തെിയത്. ഇതില്‍ 307 ബൂത്തുകളില്‍ പോളിങ് തല്‍സമയം നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. ഇവയില്‍ അതീവ പ്രശ്നസാധ്യതാ ബൂത്തുകളില്‍ നിരീക്ഷണത്തിന് 56 മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.