ആലപ്പുഴ: രണ്ടുമാസത്തിലേറെയായി നടന്ന പ്രചാരണ കോലാഹലങ്ങള്‍ക്ക് ആവേശ പൂത്തിരിയോടെ സമാപ്തി. ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിന്‍െറ പ്രചാരണ സമാപനത്തിന് ജില്ലാ കോടതി പാലത്തിന് സമീപം വേദിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ലാലി വിന്‍സന്‍റിന്‍െറ പരസ്യ പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം കൈചൂണ്ടി മുക്കിലായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്‍െറ കൊട്ടിക്കലാശം കലവൂരിലും നടന്നു. വാദ്യഘോഷങ്ങളും, കാതടപ്പിക്കുന്ന അനൗണ്‍സ്മെന്‍റ് വാഹനങ്ങളും, കൂറ്റന്‍ പതാകകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് ആവേശ പൂര്‍വം കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. അമ്പലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആലപ്പുഴ നഗരത്തിന്‍െറ മിക്കഭാഗങ്ങളിലും തുറന്ന ജീപ്പില്‍ പര്യടനം നടത്തി. എല്ലാ പഞ്ചായത്തുകളിലും തീരദേശ മേഖലകളിലും സ്ഥാനാര്‍ഥിയുടെ റോഡ്ഷോയും ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആലപ്പുഴ സക്കറിയബസാറിനെ ഇളക്കിമറിച്ച് എല്‍.ഡി.എഫിന്‍െറ പ്രചാരണ സമാപനത്തിന് തുടക്കംകുറിച്ചു. പടയണി മേളത്തിന്‍െറയും തുള്ളലിന്‍െറയും അകമ്പടിയോടെ ആവേശം അലതല്ലുന്ന ഗാനങ്ങളുമായി പ്രവര്‍ത്തകര്‍ കലാശക്കൊട്ടിനെ മികവുറ്റതാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷേഖ് പി. ഹാരിസിന്‍െറ വട്ടപ്പള്ളിയില്‍ നടന്ന കലാശക്കൊട്ടും ആവേശഭരിതമായി. അമ്പലപ്പുഴ കച്ചേരി ജങ്ഷനില്‍നിന്ന് ആരംഭിച്ച റോഡ്ഷോയിലൂടെയാണ് ഷേഖ് പി. ഹാരിസ് അവസാനവട്ട പ്രചാരണത്തിന് തുടക്കമിട്ടത്. കെ.സി. വേണുഗോപാല്‍ എം.പി, എ.എ. റസാഖ്, എ.എം. നസീര്‍, പി. നാരായണന്‍കുട്ടി, സുനില്‍ ജോര്‍ജ്, ബി.എ. ഗഫൂര്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍.ഡി.എ സ്ഥാനാര്‍ഥി എല്‍.പി. ജയചന്ദ്രന്‍െറ കലാശക്കൊട്ട് റോഡ്ഷോയിലൂടെ മുല്ലക്കലില്‍ സമാപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നാസര്‍ ആറാട്ടുപുഴ റോഡ്ഷോയിലൂടെയാണ് പ്രചാരണ സമാപനത്തിന് തുടക്കമിട്ടത്. പുലയന്‍വഴിയിലായിരുന്നു കലാശക്കൊട്ട്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.എസ്. ഷാന്‍, പി.ഡി.പി സ്ഥാനാര്‍ഥി എ. അന്‍സാരി, എസ്.യു.സി.ഐ സ്ഥാനാര്‍ഥി അര്‍ജുനന്‍ എന്നിവരുടെ പ്രചാരണ സമാപനവും ആഘോഷകരമായി. ചേര്‍ത്തലയില്‍ നഗരത്തെ ആവേശത്തിമിര്‍പ്പിലാക്കിയായിരുന്നു മുന്നണികളുടെ കലാശക്കൊട്ട്. ഉച്ചക്കുശേഷം തന്നെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും മണ്ഡലത്തിന്‍െറ പലയിടത്തും പ്രവര്‍ത്തകര്‍ കലാശക്കൊട്ടിന് ഒരുക്കം തുടങ്ങിയിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. രാജീവിന്‍െറ പര്യടന വാഹനമാണ് ആദ്യമായി കടന്നുവന്നത്. എന്‍.ഡി.എയുടെ കലാശക്കൊട്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്. ശരത്തിന്‍െറ പ്രചാരണ സമാപനവും ശക്തിപ്രകടനത്തിന്‍െറ പ്രതിഫലനമായി. ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു സമാപനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. തിലോത്തമന്‍െറ പ്രചാരണ സമാപനം നഗരംചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ നടന്നു. നിലക്കാവടി, ബാന്‍ഡ്മേളം എന്നിവയെല്ലാം ആവേശത്തിന്‍െറ ഘടകങ്ങളായി. വിവിധയിടങ്ങളില്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ കലാശക്കൊട്ട് നടത്തി. കുട്ടനാട് മണ്ഡലത്തില്‍ ആളും അര്‍ഥവും നിറഞ്ഞുനിന്ന സമാപന മേളക്കൊഴുപ്പില്‍ കൊച്ചുഗ്രാമങ്ങള്‍ വരെ പങ്കുചേര്‍ന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയുടെ പ്രചാരണം ശനിയാഴ്ച രാവിലെ മുതല്‍ മണ്ഡലത്തില്‍ തുടങ്ങിയിരുന്നു. ബോട്ടിലും തീരത്തുകൂടിയും യാത്രചെയ്ത് തോമസ് ചാണ്ടി ഒരുവട്ടം കൂടി ജനങ്ങളെ അഭിവാദ്യം ചെയ്തു. രാമങ്കരിയിലായിരുന്നു കലാശക്കൊട്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജേക്കബ് എബ്രഹാിന്‍െറ പരസ്യ പ്രചാരണ സമാപനം പുളിങ്കുന്ന് ജങ്ഷനിലായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി സുഭാഷ് വാസുവിന്‍െറ പ്രചാരണ കലാശവും മികവുറ്റതായിരുന്നു. തകഴിയിലായിരുന്നു സമാപന മേളം. അരൂര്‍ ക്ഷേത്രം ജങ്ഷനിലാണ് എല്‍.ഡി.എഫ് കലാശക്കൊട്ട് നടന്നത്. ഇതിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ബൈക്ക് റാലി കടന്നുവന്നു. ഇടത് സ്ഥാനാര്‍ഥി എ.എം. ആരിഫിന്‍െറയും യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശിന്‍െറയും വാഹനജാഥകള്‍ ഒരേസമയം കടന്നുപോയത് സംഘര്‍ഷ സാധ്യത ഉണ്ടാക്കിയെങ്കിലും കേന്ദ്രസേന ഇടപെട്ട് ഒഴിവാക്കി. എന്‍.ഡി.എയുടെ കലാശക്കൊട്ട് എരമല്ലൂര്‍ ജങ്ഷനിലാണ് നടന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മോഹന്‍ ചാക്കോ തുറന്ന ജീപ്പില്‍ എല്ലാ പഞ്ചായത്തിലെയും പര്യടനശേഷം അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനില്‍ കലാശക്കൊട്ട് നടത്തി. കായംകുളത്ത് നാലിടങ്ങളിലാണ് നാല് മുന്നണിയും കേന്ദ്രീകരിച്ച് കലാശക്കൊട്ട് ഗംഭീരമാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം. ലിജുവിന്‍െറ റോഡ്ഷോക്ക് ശേഷം കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ കേന്ദ്രീകരിച്ചു. ചെട്ടികുളങ്ങരയില്‍വെച്ച് മന്ത്രി രമേശ് ചെന്നിത്തല റോഡ്ഷോയില്‍ പങ്കാളിയായി. ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. യു. പ്രതിഭാഹരിയുടെ റോഡ്ഷോ മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വഴി സ്വകാര്യ ബസ് സ്റ്റാന്‍ഡിലത്തെുകയായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ഷാജി എം. പണിക്കര്‍ നഗരപര്യടനം നടത്തി നഗരസഭാ ജങ്ഷനില്‍ കേന്ദ്രീകരിച്ചു. പി.ഡി.പിയുടെ അഡ്വ. മുട്ടം നാസറിന്‍െറ പര്യടനം സസ്യമാര്‍ക്കറ്റിലാണ് സമാപിച്ചത്. ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കൊപ്പം ബഥേല്‍ ജങ്ഷനില്‍ വാഹനത്തില്‍ നിന്ന് വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭന ജോര്‍ജും ബഥേല്‍ ജങ്ഷനില്‍ ഉണ്ടായിരുന്നു. ശോഭനയും ആവുന്ന വിധത്തില്‍ തന്‍െറ പ്രചാരണ സമാപനം ശോഭനമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായരും വാഹനത്തില്‍നിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള കൊട്ടിക്കലാശത്തിന് മുമ്പുതന്നെ നഗരത്തില്‍ വന്നുപോയി. മുന്നണികളുടെ നൂറുകണക്കിന് പ്രവര്‍ത്തകരും വാഹനങ്ങളും കൊണ്ട് നഗരം വീര്‍പ്പുമുട്ടുകയായിരുന്നു. ഹരിപ്പാട് മണ്ഡലത്തെയും പ്രാന്തപ്രദേശങ്ങളെയും ഇളക്കിമറിച്ച് മുന്നണികള്‍ കൊട്ടിക്കലാശം ഗംഭീരമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തലയുടെ റോഡ്ഷോ വലിയഴീക്കലില്‍ സമാപിച്ചശേഷമാണ് കൊട്ടിക്കലാശം നടന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രസാദിന്‍െറ റോഡ്ഷോ വിവിധ പ്രദേശങ്ങളില്‍ ചുറ്റി വൈകുന്നേരം നഗരത്തിലത്തെി. അതിനുശേഷം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും തങ്ങളുടെ ആവേശവും പ്രതീക്ഷയും പ്രകടമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.