വ്യാജ വിദേശമദ്യ നിര്‍മാണശാലയില്‍ റെയ്ഡ്; രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം: രാമപുരത്തെ വ്യാജ വിദേശമദ്യ നിര്‍മാണശാലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 94 കുപ്പി വിദേശമദ്യവും സ്പിരിറ്റ് ശേഖരവും പിടികൂടി. ചേരാവള്ളി പെരിമുഖത്ത് വടക്കതില്‍ സ്റ്റീഫന്‍ (26), പുതുപ്പള്ളി ചിറക്കടവം ഗീതാഞ്ജലിയില്‍ അരുണ്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട ഭരണിക്കാവ് തെക്കേമങ്കുഴി സ്വദേശി സനല്‍കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കി. രാമപുരം ഏവൂര്‍ നാടാലക്കല്‍ ഗ്രേസ് വില്ല വാടകക്കെടുത്താണ് പ്രതികള്‍ വ്യാജ വിദേശമദ്യം നിര്‍മിച്ചിരുന്നത്. ഒന്നരമാസം മുമ്പാണ് പ്രതികള്‍ വീട് വാടകക്ക് എടുത്തത്. ഇവിടം കേന്ദ്രീകരിച്ച് വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി രണ്ടാഴ്ച മുമ്പ് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശം നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10ഓടെ എക്സൈസ് സംഘം വീട് വളയുകയായിരുന്നു. മക്ഡവല്‍ ബ്രാണ്ടിയുടെ വ്യാജ ലേബല്‍ പതിപ്പിച്ച 500 മില്ലിയുടെ കുപ്പികളാണ് കണ്ടെടുത്തത്. 35 ലിറ്ററിന്‍െറ 19 കന്നാസുകളിലും 10 ലിറ്ററിന്‍െറ 10 കന്നാസുകളിലുമായി സൂക്ഷിച്ച സ്പിരിറ്റ് പിടിച്ചെടുത്തു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള വ്യാജമദ്യ നിര്‍മാണമാണ് ഇവിടെ നടന്നുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മാണദിവസങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് തിരികെ കൊണ്ടുപോവുകയായിരുന്നു ചെയ്തിരുന്നത്. ആയിരത്തോളം ലിറ്റര്‍ സ്പിരിറ്റ് ഉപയോഗിച്ച് മദ്യം ഉല്‍പാദിപ്പിച്ചതിന്‍െറ ബാക്കി മാത്രമാണ് പിടികൂടാനായത്. തെരഞ്ഞെടുപ്പ് വിപണി ലക്ഷ്യമാക്കിയുള്ള നിര്‍മാണമാണ് നടന്നതെന്ന് സംശയിക്കുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ പ്രതികള്‍. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ എക്സൈസ് സംഘത്തെ ആക്രമിച്ചതടക്കമുള്ള കേസുകളില്‍ അരുണ്‍ പ്രതിയാണ്. സ്പെഷല്‍ സ്ക്വാഡ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ ബാബു, റേഞ്ച് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ ഗിരീഷ്, അക്ബര്‍, സിവില്‍ ഓഫിസര്‍മാരായ റെനി, അജീബ്, സുരേഷ്, അനിലാല്‍, അലക്സാണ്ടര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.