എലിപ്പനി, ഡെങ്കിപ്പനി; ആശങ്കയോടെ ജനം

വടുതല: ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ച പള്ളിപ്പുറത്ത് വീണ്ടും എലിപ്പനി മരണം. രണ്ടുമാസം മുമ്പ് പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെയാണ് ഇതേ പഞ്ചായത്തില്‍ നാലാം വാര്‍ഡ് നികര്‍ത്തില്‍ ജയന്‍ (44) എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഇതുമൂലം ചേര്‍ത്തല താലൂക്കിലെ ജനങ്ങള്‍ ഭീതിയിലാണ്. എലിപ്പനി, ഡെങ്കിപ്പനി ബാധിത മേഖലയായ ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍െറ പ്രത്യേക പദ്ധതി രൂപവത്കരിച്ചു. ഓരോ വാര്‍ഡിലെയും 25 വീടുകള്‍ വീതം പ്രത്യേക സംഘങ്ങളാക്കി തിരിച്ച്, ഒരു സംഘത്തിന് രണ്ട് വളന്‍റിയര്‍മാരെ വീതം നിയോഗിച്ച് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് പദ്ധതി. സൂര്യാതപം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങള്‍, ലക്ഷണങ്ങള്‍, മാലിന്യ സംസ്കരണം, കൊതുക് പെരുകല്‍, വെള്ളം കെട്ടിക്കിടക്കല്‍ തുടങ്ങിയ ആരോഗ്യ-ശുചിത്വ കാര്യങ്ങള്‍ എന്നിവയില്‍ വളന്‍റിയര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് പരിശീലനം നല്‍കും. ഇത് വളന്‍റിയര്‍മാര്‍ മറ്റ് വീട്ടുകാരുമായി പങ്കുവെച്ച് പ്രദേശത്തെ രോഗങ്ങളില്‍നിന്ന് ഒഴിവാക്കുകയും ഉണ്ടാകുന്ന രോഗവിവരങ്ങള്‍ ആരോഗ്യവകുപ്പിനെ യഥാസമയം അറിയിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നാട്ടുകാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് വളന്‍റിയര്‍മാര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്ന എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളിക സൗജന്യമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് നല്‍കുന്നതിനും തീരുമാനമുണ്ട്. പനി ഉള്‍പ്പെടെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയും അനുമതിയില്ലാത്ത ഡോക്ടര്‍മാരെ സമീപിക്കലും മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് മരുന്ന് വാങ്ങലും ഒഴിവാക്കി ആശുപത്രികളിലത്തെി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃര്‍ അറിയിച്ചു. അതേസമയം എലിപ്പനി മൂലം മരിച്ച നികര്‍ത്തില്‍ കെ. ജയന്‍െറ വീടും പരിസരവും വിവിധ ഭാഗങ്ങളിലും വ്യാഴാഴ്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലാശയങ്ങളില്‍ ക്ളോറിനേഷന്‍, ബോധവത്കരണ ക്ളാസുകള്‍, ശുചീകരണം എന്നിവയാണ് നടത്തിയത്. ലെപ്റ്റോസ് പൈറോസിസ് എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. ജലാശയങ്ങളില്‍ പണിയെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ക്ക് പ്രാഥമിക കേന്ദ്രങ്ങളിലില്‍നിന്നും സൗജന്യ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും പനി, ശരീരംവേദന, സന്ധിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ വൈദ്യസഹായം തേടിയാല്‍ മാത്രമേ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.