ഓട്ടോമാറ്റിക് പ്രകാശനിയന്ത്രണ സംവിധാനവുമായി വിദ്യാര്‍ഥികള്‍

ചാരുംമൂട്: വാഹനങ്ങളില്‍ ഓട്ടോമാറ്റിക് പ്രകാശനിയന്ത്രണ സംവിധാനവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. രാത്രിയിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റില്‍ നിന്നുളള പ്രകാശം ഉണ്ടാക്കുന്ന ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധാ എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ ചെലവു കുറഞ്ഞ ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഡിമ്മര്‍ സംവിധാനം വികസിപ്പിച്ചെടുത്തു. എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ തങ്ങളുടെ വാഹനത്തിന്‍െറ പ്രകാശത്തെ ‘ഡിം മോഡ്’ അഥവാ കുറഞ്ഞ പ്രകാശം ആക്കി മാറ്റണം എന്നാണ് റോഡ് സുരക്ഷാ നിയമം. ഇത് ലംഘിക്കുന്നതു മൂലം ദിനം 150ഓളം കേസുകള്‍ ട്രാഫിക് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്. ചില ആധുനിക വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഡിമ്മര്‍ സിസ്റ്റം പ്രകാശം 50 മീറ്റര്‍ അകലെവെച്ച് യാത്രക്ക് സൗകര്യമാം വിധം സ്വന്തം പ്രകാശത്തെ കുറച്ചു കൊടുക്കുന്നു. മറ്റ് വാഹനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹെഡ് ലൈറ്റ് ബ്രൈറ്റ് ആയി നിലനിര്‍ത്താനും സിസ്റ്റം സഹായിക്കുന്നു. വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഡിമ്മര്‍ സിസ്റ്റം വിപണി വിലയില്‍ 80 ശതമാനം കുറച്ച് ലഭ്യമാക്കാന്‍ കഴിയും. നിലവിലുള്ള വാഹനങ്ങളിലും പുതിയ വാഹനങ്ങളിലും ഇത് ഘടിപ്പിക്കാം എന്നതും പ്രത്യേകതയാണ്. പ്രകാശത്തിന്‍െറ തീവ്രത തിരിച്ചറിഞ്ഞ് തെരുവുവിളക്കുകളെ ഒഴിവാക്കാനും കഴിയും. സിസ്റ്റം നിര്‍ബന്ധമാക്കിയാല്‍ രാത്രി കാലങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.എം.എസ്. മിഥുന്‍െറ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ബിബിന്‍ തങ്കച്ചന്‍, ജെ.ആര്‍. അനൂപ്, ചിപ്പി ബോസ്, ടെസി ജോഷ്വ, പി.ജെ. ലിയ എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.