ആലപ്പുഴ: വേനലിന്‍െറ കാഠിന്യം ജലാശയങ്ങളുടെ നാടായ ആലപ്പുഴക്കും താങ്ങാനാവുന്നില്ല. സൂര്യാതപം ഏല്‍ക്കുന്നതും കന്നുകാലികള്‍ ചത്തുവീഴുന്നതും തുടര്‍ക്കഥയാവുകയാണ്. ചൊവ്വാഴ്ച വരെ 29 പേരാണ് ജില്ലയില്‍ സൂര്യാതപമേറ്റ് ചികിത്സ തേടിയത്. രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ചൂട് മൂലം വിവിധ അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. തിങ്കളാഴ്ച മത്സ്യത്തൊഴിലാളിയായ ആലപ്പുഴ വാടയ്ക്കല്‍ പൊന്നംപുരയ്ക്കല്‍ ഫ്രാന്‍സിസ് സേവ്യര്‍ (60) മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുലര്‍ച്ചെ ഒന്നിനാണ് സംഭവം. മത്സ്യബന്ധനത്തിന് പുറം കടലില്‍ പോയതായിരുന്നു ഫ്രാന്‍സിസ്. സമുദ്രത്തില്‍ വീശിയടിച്ച ഉഷ്ണതരംഗമേറ്റ് കുഴഞ്ഞുവീഴുകയാണെന്ന് കരുതുന്നു. എന്നാല്‍, മരണ കാരണം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കായംകുളം ചെറിയനാട് ചെറുവല്ലൂര്‍ ചരിവുപറമ്പില്‍ മുരളീധരക്കുറുപ്പാണ് (47) കഴിഞ്ഞയാഴ്ച മരിച്ച രണ്ടാമത്തെയാള്‍. കടുത്ത ചൂട് കാരണം നിര്‍ജലീകരണം സംഭവിച്ച് വഴിയരികില്‍ വീണു മരിക്കുകയായിരുന്നു. ഇത് സൂര്യാതപം മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 36.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ചൂടിനെ തുടര്‍ന്ന് കന്നുകാലികളുടെ മരണനിരക്കും ഉയരുകയാണ്. ജില്ലയില്‍ ഇതുവരെ 12 കന്നുകാലികള്‍ ചത്തു. സൂര്യാതപമേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലടക്കം പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരുന്നു ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൂര്യാതപമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലുപേരെ ഇന്നലെ വിട്ടയച്ചു. ഇതില്‍ ശാരീരിക വൈകല്യമുള്ള ഒരാളുടെ നില ഗുരുതരമായിരുന്നു. ജില്ലയിലെ സ്കൂളുകളില്‍ അവധിക്കാല ക്ളാസുകളും സ്പെഷല്‍ ക്ളാസുകളും നടത്തുന്നത് കലക്ടര്‍ നിരോധിച്ചു. മേയ് 10 വരെയാണ് നിരോധം. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.ഐസി.ഐ, വിദ്യാലയങ്ങള്‍ക്ക് നിരോധം ബാധകമാണെന്ന് കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.