എന്‍.ജി.ഒകളുമായി സഹകരിച്ച് തണ്ണീര്‍പന്തലുകള്‍ തുടങ്ങും –കലക്ടര്‍

ആലപ്പുഴ: കടുത്ത വേനലിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാറിതര സന്നദ്ധസംഘടനകളുമായി സഹകരിച്ച് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കലക്ടര്‍ ആര്‍. ഗിരിജ. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തണുത്തവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്, മോരുവെള്ളം എന്നിവ തണ്ണീര്‍പന്തലുകളില്‍ ലഭ്യമാക്കാനാണ് ശ്രമം. പുറംപണി ചെയ്യുന്നവര്‍ക്ക് ജോലിസമയത്തില്‍ വരുത്തിയ മാറ്റം പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വിതരണം ചെയ്യുന്നതും കടകളില്‍ വില്‍ക്കുന്നതുമായ കുടിവെള്ളം, ശീതള പാനീയങ്ങള്‍ എന്നിവ ശുദ്ധമാണെന്ന് ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മേയ് ആദ്യം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ച സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപടി ആരംഭിക്കണം. കടുത്ത വേനല്‍മൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സൗജന്യ റേഷന് ശിപാര്‍ശ ചെയ്യണമെന്ന് ജില്ലാ സപൈ്ള ഓഫിസറോട് നിര്‍ദേശിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. വസന്തദാസ്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ അനീറ്റ എസ്. ലെന്‍ എന്നിവരും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.