പുതിയ പഞ്ചായത്ത് നിയമം വീടുനിര്‍മാണത്തിന് തടസ്സമാകുന്നതായി പരാതി

ചേര്‍ത്തല: പുതിയ പഞ്ചായത്ത് നിയമം സാധാരണക്കാരുടെ വീടുനിര്‍മാണത്തിന് തടസ്സമാകുന്നതായി പരാതി. രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തി വസ്തുവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് പഞ്ചായത്തില്‍നിന്ന് സാധാരണക്കാരന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ ചുവടുപിടിച്ചാണ് പുതിയ നടപടി. പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ലഭിച്ചു. മൂന്ന്സെന്‍റ് മുതല്‍ 10 സെന്‍റ് വരെയുള്ള സാധാരണക്കാരന്‍െറ വീട് എന്ന സ്വപ്നമാണ് ഇതിലൂടെ തകരുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക റീസര്‍വേ നടക്കാത്ത വില്ളേജുകാരെയാണ്. വീടുനിര്‍മാണം ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങിയ പുരയിടമായ വസ്തു റവന്യൂ രേഖകളില്‍ പലര്‍ക്കും നിലമായി തുടരുന്നതാണ് വിനയായിട്ടുള്ളത്. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം നിലവില്‍വന്നപ്പോള്‍ നികര്‍ത്തുപുരയിടത്തില്‍ വീട് നിര്‍മിക്കാന്‍ അനുമതി നിഷേധിക്കുന്നു എന്ന ന്യൂനത ചൂണ്ടിക്കാണിച്ചതിനാല്‍ ഇതിനെതിരെ പ്രാദേശിക കമ്മിറ്റികള്‍ രൂപവത്കരിച്ച് ഭേദഗതി വന്നിരുന്നു. കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ളേജ് ഓഫിസര്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പ്രാദേശിക കമ്മിറ്റികള്‍ അന്വേഷിച്ച്, വീട് നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലമാണെങ്കില്‍ അനുമതി നല്‍കുക എന്ന രീതിയിലായിരുന്നു സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, ഇപ്പോള്‍ നിര്‍മാണ അനുമതി ലഭിക്കണമെങ്കില്‍ വസ്തു റഗുലറൈസ് ചെയ്യണം. സാധാരണക്കാരന്‍ ഇതുമൂലം വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇതിനായി അപേക്ഷയോടൊപ്പം 500 രൂപയുടെ ചെലാന്‍ അടച്ച് വസ്തുവിന്‍െറ ഫോട്ടോ, പ്രമാണങ്ങള്‍ എന്നിവ സഹിതം കലക്ടര്‍ക്ക് അപേക്ഷ നല്‍കുകയും മാസങ്ങള്‍ നീണ്ട വെരിഫിക്കേഷനുശേഷം വില്ളേജ് ഓഫിസര്‍ക്ക് കൈമാറുകയും വില്ളേജ് ഓഫിസര്‍ വസ്തുവിന്‍െറ മഹസര്‍ തയാറാക്കി അളന്നുതിരിച്ച് ലോക്കേഷന്‍ സ്കെച്ച് ഉള്‍പ്പെടെ ഉപഗ്രഹചിത്രം പരിശോധിച്ച് റിപ്പോര്‍ട്ട് തഹസില്‍ദാര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്ക് നല്‍കണം. വസ്തുവിന്‍െറ വിപണി വിലയുടെ 25 ശതമാനം റവന്യൂ ഡിപ്പാര്‍ട്മെന്‍റില്‍ അടക്കുകയും വേണം. സ്വന്തമായി വീടില്ലാത്ത ഒട്ടനവധി ജനങ്ങള്‍ക്ക് നിയമത്തിന്‍െറ നൂലാമാലകളില്‍ കുടുങ്ങിയുള്ള വീടുനിര്‍മാണം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിന് പരിഹാരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉന്നത അധികാരികളും റവന്യൂ ഡിപ്പാര്‍ട്മെന്‍റും വീടുനിര്‍മാണത്തിന് ലളിതമായ മാനദണ്ഡം നിര്‍ദേശിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.