കേരള സര്‍വകലാശാല യുവജനോത്സവം : ചെങ്ങന്നൂരില്‍ ഇന്ന് തിരി തെളിയും

ചെങ്ങന്നൂര്‍: കേരള സര്‍വകലാശാല യുവജനോത്സവം ബുധനാഴ്ച ചെങ്ങന്നൂരില്‍ ആരംഭിക്കും. അഞ്ച് രാപകലുകള്‍ ചെങ്ങന്നൂരിന് ഉത്സവാന്തരീക്ഷം സമ്മാനിക്കുന്ന കലോത്സവത്തിന് വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് തുടക്കം. വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ മുണ്ടന്‍കാവില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍ ചുറ്റി നഗരസഭാ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ ഉദ്ഘാടന സമ്മേളനം. സിനിമാ സംവിധായകന്‍ രഞ്ജി പണിക്കര്‍, നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, കഥാകൃത്ത് അശോകന്‍ ചരുവില്‍, സിനിമാ പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, പിന്നണി ഗായിക ദലീമ ജോജോ, നടി ദേവി ചന്ദന എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. കേരള സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്സണ്‍ എസ്.ആര്‍. ആര്യ അധ്യക്ഷത വഹിക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ മുഖ്യാതിഥിയാകും. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം.വീരമണികണ്ഠന്‍, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്‍റ്സ് സര്‍വിസ് കേരള സര്‍വകലാശാല ഡോ.ടി. വിജയലക്ഷ്മി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ.ആര്‍.മോഹനകൃഷ്ണന്‍, ഡോ.ഷാജി.കെ, ജോണ്‍ തോമസ്, ജന.സെക്രട്ടറി എന്‍.റിയാസ്, സ്വാഗതസംഘം ചെയര്‍മാന്‍ സജി ചെറിയാന്‍, വര്‍ക്കിങ് ചെയര്‍മാന്‍ എം.എച്ച്. റഷീദ്, ജന.കണ്‍വീനര്‍ ജയിംസ് സാമുവല്‍ എന്നിവര്‍ സംസാരിക്കും. സര്‍വകലാശാലക്ക് കീഴിലെ 236 കോളജുകളില്‍ നിന്നായി അയ്യായിരത്തിലേറെ പ്രതിഭകള്‍ പങ്കെടുക്കും. പ്രധാന വേദിയായ നഗരസഭാ സ്റ്റേഡിയം ഉള്‍പ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഒമ്പത് വേദികളിലായി 94 ഇനങ്ങളിലാണ് മത്സരം. 22 വര്‍ഷത്തിനുശേഷമാണ് ചെങ്ങന്നൂര്‍ വീണ്ടും യുവജനോത്സവത്തിന് വേദിയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.