ചെങ്ങന്നൂരിന് ഒരു കോടതി കൂടി നഷ്ടമാകുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന് ഒരു കോടതി കൂടി നഷ്ടമാകുന്നു. റെയില്‍വേ ആരംഭിച്ച നാള്‍ മുതല്‍ റെയില്‍വേ സംബന്ധമായ ഇന്ത്യന്‍ പീനല്‍ കോഡ് കുറ്റകൃത്യങ്ങള്‍ ആലപ്പുഴ ജില്ലയിലേത് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഇനി മുതല്‍ മാവേലിക്കര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവായി. ചെങ്ങന്നൂര്‍ ശബരിമലയുടെ പ്രവേശ കവാടമായതു കൊണ്ടും, റെയില്‍വേ ജങ്ഷനല്ലാതെ ഇന്ത്യന്‍ റെയില്‍വേക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സ്റ്റേഷന്‍ ചെങ്ങന്നൂര്‍ ആയതുകൊണ്ടുമാണ് ഇവിടത്തെ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് ഇക്കാലമത്രയും ഈ പരിഗണന ലഭിച്ചുവന്നത്. എന്നാല്‍, ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം ഒന്നും തന്നെ വരുത്താത്ത സാഹചര്യത്തിലാണ് ചെങ്ങന്നൂരിനെ അപേക്ഷിച്ച് താരതമ്യേന വരുമാനം കുറഞ്ഞ മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍െറ പരിധിയിലുള്ള മാവേലിക്കര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ഇപ്പോള്‍ കേസുകള്‍ മാറ്റുന്നത്. 2008 ല്‍ മജിസ്ട്രേറ്റ് കോടതി (2) ചെങ്ങന്നൂരിന് നഷ്ടപ്പെട്ടു. മൂന്ന് വര്‍ഷം മുമ്പ് മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കേസുകള്‍ ചെങ്ങന്നൂരില്‍നിന്നും മാവേലിക്കര കോടതിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടന്ന ശക്തമായ സമരപരിപാടികളുടെ ഭാഗമായിട്ടാണ് മാന്നാര്‍ പൊലീസ് സ്റ്റേഷന്‍െറ പരിധിയിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ 5 റവന്യൂ വില്ളേജ് പ്രദേശങ്ങളിലെ കേസുകള്‍ ചെങ്ങന്നൂരിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചെങ്ങന്നൂരിലെ ബഹുനില കോടതി സമുച്ചയത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലത്തെി നില്‍ക്കുമ്പോഴാണ് കോടതികള്‍ ഓരോന്നായി ചെങ്ങന്നൂരിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കോടതികള്‍ അടിക്കടി നഷ്ടപ്പെടുമ്പോള്‍ നാട്ടുകാര്‍ക്കും, അഭിഭാഷകര്‍ക്കും, കക്ഷികള്‍ക്കും ഒരുപോലെ ദുഷ്കരമാണ്. അഞ്ഞൂറോളം അഭിഭാഷകരാണ് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രാക്ടീസ് ചെയ്തുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.