സുധാകരന്‍െറ രോഷത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് വനിത നേതാവ്

ആലപ്പുഴ: ജി.സുധാകരന്‍ എം.എല്‍.എയുടെ രോഷത്തില്‍ പ്രതിഷേധിച്ച് താന്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഉഷ സാലി. റോഡ് ഉദ്ഘാടന വേദിയില്‍ എം.എല്‍.എ ആക്ഷേപവാക്കുകള്‍ ഉന്നയിച്ചെന്നാണ് ആരോപണം. സമ്മേളനത്തില്‍ ആള് കുറഞ്ഞതിനെ ചൊല്ലിയായിരുന്നു എം.എല്‍.എയുടെ രോഷം. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഉഷ സാലി ജി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ പഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. വ്യക്തിപരമായും പാര്‍ട്ടി പ്രവര്‍ത്തനപരമായും തന്നെ എം.എല്‍.എ ആക്ഷേപിച്ചെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിക്കുന്നതായി അവര്‍ പറഞ്ഞു. സുധാകരനെതിരെ ലോക്കല്‍ കമ്മിറ്റി മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അതേക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയാറായില്ല. തന്‍െറ കുടുംബത്തിനും ഏറെ അവഹേളനം ഏല്‍ക്കേണ്ടിവന്നു. തന്നെ ആശ്വസിപ്പിക്കാന്‍ ഒരു പാര്‍ട്ടി നേതാവിനെയും കണ്ടില്ളെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായി രംഗത്തുവരുമെന്നും അവര്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗം, എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് വാര്‍ഡ് പ്രസിഡന്‍റ്, കെ.എസ്.കെ.ടി.യു യൂനിറ്റ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നതായി അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.