ആലപ്പുഴ: നഗരത്തില്‍ റോഡ് കൈയേറി നടത്തുന്ന അനധികൃത പാര്‍ക്കിങ്, വഴിയോരകച്ചവടം എന്നിവക്കെതിരെ നഗരസഭ വീണ്ടും നടപടിക്കൊരുങ്ങുന്നു. തിങ്കളാഴ്ച നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വണ്‍വേയായി നിശ്ചയിച്ചിരിക്കുന്ന മുല്ലക്കല്‍ ഗണപതികോവില്‍ മുതലുള്ള ഭാഗത്ത് അനധികൃതപാര്‍ക്കിങ്ങും വഴിയോരകച്ചവടക്കാരുടെ കൈയേറ്റവും മൂലം യാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയുന്നില്ളെന്ന് പുന്നമട വാര്‍ഡ് കൗണ്‍സിലറായ കെ.എ. സാബു യോഗത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് കൗണ്‍സിലര്‍ക്ക് ഉറപ്പുനല്‍കി. ചാത്തനാട്-വലിയചുടുകാട് ക്രിമിറ്റോറിയം നവീകരണം, വിജയാപാര്‍ക്കിന് മുന്‍വശമുള്ള റോഡ് നവീകരണം, ബീച്ചിലെ മാലിന്യപ്രശ്നം, കൗണ്‍സിലില്‍ ജനപ്രതിനിധികള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം എന്നിവയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ചാത്തനാട് ഗ്യാസ് ക്രിമിറ്റോറിയം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിന് അംഗീകാരം നല്‍കി. വലിയ ചുടുകാട്ടിലെ വിറക് ഉപയോഗിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുമ്പോള്‍ അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നതായി നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. വിറകിന് പകരം ഗ്യാസ്, വൈദ്യുതി എന്നിവ ഉപയോഗിച്ചുള്ള ക്രിമിറ്റോറിയം സ്ഥാപിക്കുന്ന കാര്യം ആലോചിക്കുന്നതായി ചെയര്‍മാന്‍ വ്യക്തമാക്കി. വിജയാപാര്‍ക്കിന് മുന്‍വശത്തെ വെട്ടിപ്പൊളിച്ച റോഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ളെന്ന് കൗണ്‍സിലില്‍ പരാതി ഉയര്‍ന്നു. മെറ്റല്‍ വിരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കി. കഴിഞ്ഞ കൗണ്‍സിലില്‍ അരങ്ങേറിയ സംഭവങ്ങളെ കുറിച്ച് യോഗത്തില്‍ പരാമര്‍ശം ഉണ്ടായി. എല്‍.ഇ.ഡി വിഷയത്തില്‍ പ്രകോപിതനായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ മൈക്ക്എടുത്ത് എറിയുകയും യോഗത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കൗണ്‍സിലര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കാവാലം നാരായണപ്പണിക്കര്‍ക്ക് കൗണ്‍സിര്‍മാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സന്‍ ബീന കൊച്ചുബാവ, മുനിസിപ്പല്‍ സെക്രട്ടറി അരുണ്‍ രംഗന്‍, പ്രതിപക്ഷനേതാവ് ഡി.ലക്ഷ്മണന്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.