അങ്കമാലി ബൈപാസ്: പദ്ധതിക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സര്‍വകക്ഷി യോഗം

അങ്കമാലി: ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ അങ്കമാലിയില്‍ പ്രശ്ന പരിഹാരത്തിന് ബൈപാസ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. പതിറ്റാണ്ടുകളായി സ്വപ്നം കാണുന്ന അങ്കമാലി ബൈപാസ് യാഥാര്‍ഥ്യമാകുംവരെ പദ്ധതിക്കായി കക്ഷി, രാഷ്ട്രീയത്തിനതീതമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാനും എം.എല്‍.എ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. പദ്ധതിക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തി വിശ്രമമില്ലാതെ പ്രയത്നിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച റോജി.എം. ജോണ്‍ എം.എല്‍.എ പറഞ്ഞു. വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് കാലങ്ങളായി ജനം ആഗ്രഹിക്കുന്ന പദ്ധതി സഫലീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. പദ്ധതി നടപ്പാകുന്നതിന് കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ം.എല്‍.എ ചെയര്‍മാനായി 51 അംഗ കര്‍മ സമിതിക്ക് യോഗത്തില്‍ രൂപം നല്‍കി. അലൈന്‍മെന്‍റിന്‍െറ കാര്യത്തില്‍ അടിയന്തരമായി വ്യക്തതയുണ്ടാക്കുക, അങ്കമാലിയുടെ ഭാവി വികസനവും പരിഗണിക്കുക, ദേശീയപാതയെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന റിങ് റോഡ് വിഭാവനം ചെയ്യുക, സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് കര്‍ഷകരുടെ യോഗം വിളിക്കുക, കാലടിയിലെ ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ കാലടിയിലും യോഗം വിളിക്കുക, സമീപ മണ്ഡലങ്ങളിലെ എം.എല്‍.എമാരേയും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉയര്‍ന്നുവന്നത്. മുന്‍ എം.എല്‍.എ പി.ജെ. ജോയി, ബസിലിക്ക റെക്ടര്‍ ഡോ.കുര്യാക്കോസ് മുണ്ടാടന്‍, ടൗണ്‍ ജുമാമസ്ജിദ് അസി.ഇമാം വി.എം. ഇബ്രാഹിം മൗലവി, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോള്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാജു ചാക്കോ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷാജു.വി.തെക്കേക്കര, മോളി വിന്‍സെന്‍റ്, ചെറിയാന്‍ തോമസ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷേര്‍ളി ജോസ്, ജില്ലാ പഞ്ചായത്തംഗം കെ.വൈ.ടോമി, എം.എ. ബ്രഹ്മരാജ്, കെ.എസ്. ഷാജി, ജോര്‍ജ് സ്റ്റീഫന്‍, കെ.എ. പൗലോസ്, പി.ജെ. ബാബു, മാത്യു തോമസ്, ഷിയോ പോള്‍, കെ.പി. ബേബി, സാജി ജോസഫ്, കെ.എ. ദേവസിക്കുഞ്ഞ്, പി.എ. വാസു, ബി.എ. ദാസന്‍, എം.കെ. അലി, സിസ്റ്റര്‍ ഫീന, ഡോ.അല്‍ഫോന്‍സ, ജോസ് കട്ടക്കയം, സാംസണ്‍ ചാക്കോ, ടി.പി.ചാക്കോച്ചന്‍, ജിമ്മി വര്‍ഗീസ്, പോള്‍ വര്‍ഗീസ്, ജെയ്സണ്‍ പാനികുളങ്ങര, എം.എ. അലി, ബേബി പാറേക്കാട്ടില്‍, അവനീഷ് കോയിക്കര തുടങ്ങിയവര്‍ സംസാരിച്ചു. അതേസമയം, യോഗത്തില്‍നിന്ന് ഇടത്പക്ഷ ജനപ്രതിനിധികളും നേതാക്കളും വിട്ട് നിന്നു. അഞ്ച് വര്‍ഷം മുമ്പ് ഇടത് സര്‍ക്കാര്‍ അങ്കമാലി ബൈപാസിന് ബജറ്റില്‍ തുക വക കൊള്ളിച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി പദ്ധതി നടപ്പാക്കാതെ കൈയും കെട്ടി നോക്കിയിരിക്കുകയായിരുന്നുവെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു കുറ്റപ്പെടുത്തി. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിനു പിന്നാലെ അങ്കമാലിയില്‍ ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ ഇന്നസെന്‍റ് എം.പിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എം.എല്‍.എ വീണ്ടുമൊരു യോഗം വിളിച്ചത് അപഹാസ്യവും പ്രഹസനവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഷിബു ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.