തുറവൂര്‍ സ്വാശ്രയ കോളജിലെ സമരം ശക്തമാക്കും

ചേര്‍ത്തല: കെ.ആര്‍. ഗൗരിയമ്മ എന്‍ജിനീയറിങ് കോളജിലെയും എസ്.എന്‍.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കൂട്ടപ്പിരിച്ചുവിടലിനെതിരെ തുടരുന്ന സമരം ശക്തമാക്കുമെന്ന് സെല്‍ഫ് ഫിനാന്‍സ്ഡ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. എ. അബ്ദുല്‍ വഹാബ്, അധ്യാപകരായ ടി. ഉമാദേവി, അമ്പിളി ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ 150 പേരെയാണ് ഒരു മുന്നറിയിപ്പും കൂടാതെ മാനേജ്മെന്‍റ് പിരിച്ചുവിട്ടത്. മൂന്നുലക്ഷം മുതല്‍ എട്ടുലക്ഷം രൂപവരെ നിക്ഷേപം വാങ്ങിയാണ് ഇവരെ ജോലിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തുക ഇതേവരെ നല്‍കിയില്ല. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യത്തിന് ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത 250 ലക്ഷം നിയമാനുസൃതം ബന്ധപ്പെട്ട വകുപ്പുകളില്‍ അടച്ചില്ല. സ്ഥാപനങ്ങള്‍ മറ്റൊരു ഗ്രൂപ്പിന് കൈമാറുമെന്ന് മാനേജര്‍ അറിയിച്ചതനുസരിച്ച് ജീവനക്കാര്‍ നിക്ഷേപത്തുകയും പി.എഫിനും ഇ.എസ്.ഐക്കുമായി പിരിച്ചെടുത്ത തുകയും ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. അതിനിടെയാണ് കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ വിസിറ്റിങ് അധ്യാപകരായി നിയമിച്ച് ഇവര്‍ക്ക് തുച്ഛമായ ശമ്പളം നല്‍കിയിട്ട് ഇവരെ ചൂണ്ടിക്കാണിച്ച് സീനിയര്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളം മാതൃകയാക്കിയാണ് മറ്റധ്യാപകര്‍ക്ക് ശമ്പളം നല്‍കി മാനേജ്മെന്‍റ് കളിപ്പിക്കുന്നത്. കോളജ് നില്‍ക്കുന്ന പുരയിടത്തില്‍ രണ്ട് പഞ്ചായത്ത് കിണറുകളും ഒരു പൊതു തോടും ഉണ്ടായിരുന്നു. ഇവ നികത്തിയാണ് ഇവിടെ പല കെട്ടിടങ്ങളും നിര്‍മിച്ചിട്ടുള്ളതെന്നും അധ്യാപകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിനോയ് വിഷ്ണു, സുഭാഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.